പരീക്ഷക്കെത്തിയ വിദ്യാർത്ഥികളും അവരുടെ കൂടെ വന്നവരും ഒരു മുറിയിൽ കിടന്നുറങ്ങുന്നതിനിടെയാണ് അക്രമികളെത്തിയത്.
കൊൽക്കത്ത: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുക്കാൻ ബിഹാറിൽ നിന്ന് ബംഗാളിലെത്തിയ ഉദ്യോഗാർത്ഥികൾക്ക് മർദനം. പുറത്തു നിന്നെത്തുന്നവർക്ക് ഇവിടെ എന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രജത് ഭട്ടാചാര്യ, ഗിരിധരി റോയ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾ തൃണമൂൽ സർക്കാറിനെതിര രംഗത്തെത്തിയിട്ടുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ജനറൽ ഡ്യൂട്ടി എക്സാമിനേഷനിൽ പങ്കെടുക്കാനാണ് ഏതാനും ഉദ്യോഗാർത്ഥികൾ ബിഹാറിൽ നിന്ന് ബംഗാളിലെ സിലിഗുരിയിലെത്തിയത്. ഇവർ ഒരു മുറിയിൽ കിടന്നുറങ്ങുന്നതിനിടെ ഒരുസംഘം ആളുകൾ അവിടേക്ക് ഇരച്ചുകയറി. ഉറങ്ങിക്കിടക്കുകയായിരുന്നവരെ വിളിച്ചുണർത്തി, പുറത്തുനിന്ന് എത്തിയവരെന്ന് ആരോപിച്ച് ചോദ്യം ചെയ്യാൻ തുടങ്ങി. ബംഗാളിലെ പൊലീസ് ഉദ്യോഗസ്ഥരെന്നും ഐബി ഉദ്യോഗസ്ഥരെന്നും അവകാശപ്പെട്ടായിരുന്നു പരിശോധന. വിദ്യാർത്ഥികളുടെ രേഖകളും പരിശോധിച്ചു.
പരീക്ഷ കഴിഞ്ഞ് ഉടൻ ബംഗാളിൽ നിന്ന് തിരിച്ച് പോകുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. എന്നാൽ അത് ഗൗനിക്കാതെ ഉപദ്രവം തുടർന്നു. നീണ്ടനേരത്തെ ഉപദ്രവത്തിനൊടുവിൽ ഉദ്യോഗാർത്ഥികൾ ഇവരുടെ കാലിൽ വീണ് മാപ്പ് ചോദിക്കുകയായിരുന്നു. ഉപദ്രവത്തിനും അസഭ്യവർഷത്തിനും പുറമെ ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വ്യാപകമായി പ്രചരിച്ചത് ബിഹാറിലും ബംഗാളിലും വിവാദമായി.
ബിഹാർ പൊലീസിൽ നിന്ന് ലഭിച്ച പരാതി പ്രകാരം സിലിഗുരി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നേരത്തെ ബംഗാളിൽ ഹിന്ദി സൈൻ ബോർഡുകൾ തകർത്ത ബംഗ്ലാ പക്ഷ സംഘടനയിലെ അംഗമാണ് പിടിയിലായ രജത് ഭട്ടാചാര്യ. വ്യാജ സർട്ടിഫിക്കറ്റുമായി യുപിയിൽ നിന്നും ബിഹാറിൽ നിന്നും ഉദ്യോഗാർത്ഥികൾ ബംഗാളിലെത്തി എസ്എസ്സി പരീക്ഷയെഴുതുകയും ബംഗാളികൾക്കുള്ള അവസരം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇയാൾ ആരോപിച്ചു. പിടിയിലായവരെ സിലിഗുരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം