'പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറും'; ജന്മദിനവും വിവാഹ വാർഷികവും ഗോശാലകളിൽ ആഘോഷിക്കണമെന്നും യുപി മന്ത്രി

By Web Team  |  First Published Oct 13, 2024, 10:44 PM IST

പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നിന്‍റെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്ന് മന്ത്രി


ലഖ്നൌ: ക്യാൻസർ രോഗികൾ പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ രോഗം ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നിന്‍റെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 

കരിമ്പ് വികസന വകുപ്പ് മന്ത്രിയായ സഞ്ജയ് സിംഗ് തന്‍റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് ഇങ്ങനെ പറഞ്ഞത്. പ്രഷറുള്ള രോഗികളുണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ താലോലിക്കണം. 20 മില്ലിഗ്രാം ഡോസ് മരുന്നാണ് ഇപ്പോൾ കഴിക്കുന്നതെങ്കിൽ 10 ദിവസത്തിനുള്ളിൽ ഇത് 10 മില്ലിഗ്രാമായി കുറയും എന്നാണ് മന്ത്രി പറഞ്ഞത്.

Latest Videos

undefined

ക്യാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ രോഗം ഭേദമാകുമെന്നും മന്ത്രി അവകാശപ്പെട്ടു. ചാണകം കത്തിച്ചാൽ കൊതുകിൽ നിന്ന് രക്ഷ നേടാം. അതിനാൽ പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഒരു തരത്തിൽ ഉപയോഗപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുസംരക്ഷണ കേന്ദ്രങ്ങളിൽ ആഘോഷിക്കാനും കാലിത്തീറ്റ ദാനം ചെയ്യാനും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 

'പോ, പോയി ഭിക്ഷ യാചിക്ക്': സ്വത്തിനായി മാതാപിതാക്കളോട് മക്കളുടെ ക്രൂരത, മൃതദേഹം വാട്ടർടാങ്കിൽ, കുറിപ്പ് കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!