തെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ട് ലോക‍്‍സഭ സീറ്റും പിടിച്ചെടുത്ത് ബിജെപി, യുപിയിൽ അഖിലേഷിന്റെ സീറ്റുൾപ്പെടെ തോറ്റ് സമാജ്‍വാദി പാർട്ടി
ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്ത് ബിജെപി. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാർട്ടിയുടെ കോട്ടകളായ രണ്ട് ലോക‍്‍സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് ആകെയുള്ള ലോക‍്‍സഭ സീറ്റ് നഷ്ടമായി. ത്രിപുരയിലെ ടൗൺ ബോർഡോവാലിയിൽ വിജയിച്ച് മുഖ്യമന്ത്രി മണിക് സാഹ കസേര ഉറപ്പിച്ചു.
തെരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക‍്‍സഭ മണ്ഡലങ്ങളിൽ രണ്ടിടത്തും വിജയിച്ച് നേട്ടം സ്വന്തമാക്കുകയായിരുന്നു ബിജെപി. സമാജ്‍വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ അസംഗഡും, റാംപൂരും ബിജെപി പിടിച്ചപ. ഇതോടെ ലോക‍്‍സഭയിലെ ബിജെപിയുടെ അംഗബലം 303 ആയി ഉയർന്നു. നേരത്തെ അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡിൽ സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി ദയനീയമായി. സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ മണ്ഡലത്തില്‍ ബിജെപി നാല്‍പതിനായിരത്തില്‍പ്പരം വോട്ട് നേടി. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മത്സരരംഗത്ത് നിന്ന് മാറി നിന്ന ബിഎസ്‍പിയുടെ വോട്ടുകളാണ് രണ്ടിടങ്ങളിലും ബിജെപിക്ക് തുണയായത്.
undefined
ആം ആദ്‍മി പാർട്ടിക്ക് തിരിച്ചടി
അധികാരത്തിലേറിയതിന് പിന്നാലെ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തിലുണ്ടായ തോല്‍വി ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. അയ്യായിരത്തിലധികം വോട്ടുകള്‍ നേടി ശിരോമണി അകാലിദള്‍ അമൃത്‍സർ അധ്യക്ഷന്‍ എസ്.എസ്.മാന്‍ വിജയിച്ചു. സിദ്ദു മൂസൈവാലയുടെ കൊലപാതകം സജീവ ചർച്ചയായ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന വിഷയം ആപ്പിന്‍റെ തുടര്‍ച്ച തടഞ്ഞു. എന്നാൽ ദില്ലി നിയമസഭയിലെ രാജേന്ദ്ര നഗർ സീറ്റ് നിലനിർത്താനായത് എഎപിക്ക് ആശ്വാസമായി.
ത്രിപുരയിൽ ആശ്വാസം
ത്രിപുരയിൽ മൂന്നിടങ്ങളില്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ മുഖ്യമന്ത്രി മാണിക് സാഹക്ക് ജീവന്മരണ പോരാട്ടമായിരുന്നു. അഗർത്തലയിൽ ബിജെപി സിറ്റിംഗ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ജാർഖണ്ഡിലെ മന്ദറിൽ കോൺഗ്രസ് വിജയിച്ചു. ആന്ധ്രപ്രദേശിലെ ആത്മക്കൂർ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി.