കുട്ടികളുടെ കാലിൽ പൊള്ളൽ; അന്വേഷണത്തിൽ കണ്ടെത്തിയത് 'ഗുരുകുല' രീതിയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ക്രൂരത

By Web Team  |  First Published Oct 28, 2023, 10:47 AM IST

നചികേത വിദ്യാ സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ രഞ്ജിത്ത് സോളങ്കി എന്നയാളിനെതിരെയാണ് ഖെറോജ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


അഹ്മദാബാദ്: അതിരാവിലെ ഉറക്കം എഴുന്നേല്‍ക്കാത്തതിന് കുട്ടികളെ സ്റ്റീല്‍ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച് ക്രൂരത. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ ഒരു സ്കൂള്‍ അഡ്മിനിസ്ട്രേറ്ററാണ് 12 കുട്ടികളെ ഇങ്ങനെ പൊള്ളലേല്‍പ്പിച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

നചികേത വിദ്യാ സന്‍സ്ഥാന്‍ എന്ന സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍ രഞ്ജിത്ത് സോളങ്കി എന്നയാളിനെതിരെയാണ് ഖെറോജ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരന്റെ പിതാവാണ് പരാതി നല്‍കിയത്. ഈ കുട്ടിക്ക് പുറമെ 11 കുട്ടികളെക്കൂടി സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് ആരോപണമെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സ്മിത്ത് ഗോഹില്‍ പറഞ്ഞു. 

Latest Videos

Read also: തൃശൂരിൽ 6ാം ക്ലാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

അതേസമയം ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ നചികേത വിദ്യാ സന്‍സ്ഥാന്‍ സ്കൂള്‍ ആയിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും രജിസ്ട്രേഷന്‍ ഇല്ലാത്ത ഗുരുകുലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.  ഹോസ്റ്റല്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉപനിഷത്തുകളും രാമയണവും വേദങ്ങളുമാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പുലര്‍ച്ചെ ഉറക്കം എഴുന്നേല്‍ക്കാത്തതിനാണ് കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിലും പറയുന്നു.

അതേസമയം സ്ഥാപനം സാധാരണ വിദ്യാലയമാണെന്നും ഹോസ്റ്റല്‍ സൗകര്യത്തോടെ പത്താം ക്ലാസ് വരെ പഠിക്കാമെന്നുമാണ് ഇതിന്റെ നടത്തിപ്പുകാരായ ട്രസ്റ്റ് അറിയിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍ അവിടെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് ചിലരില്‍ നിന്ന് അറിഞ്ഞാണ് ഒരാഴ്ച മുമ്പ് മകന്റെ കാര്യം അന്വേഷിക്കാനായി  അവിടെ എത്തിയത്. മകന്റെ കാലില്‍ പൊള്ളല്‍ കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ പേടി കാരണം ഒന്നും പറഞ്ഞില്ല. ഉറക്കം എഴുന്നേല്‍ക്കാന്‍ വൈകിയതിന് സോളങ്കി രണ്ട് മാസം മുമ്പ് പൊള്ളലേല്‍പ്പിച്ചതായി  പിന്നീടാണ് മകന്‍ വെളിപ്പെടുത്തിയതെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂുസ് ലൈവ് യുട്യൂബില്‍ കാണാം...

click me!