ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭോപ്പാൽ: കൊവിഡ് പടർത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണപ്പെടുത്തിയ സഹോദരങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികളായ യുവതിക്കും യുവാവിനുമെതിരെയാണ് കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ച ഇരുവരും നിലവില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
ഖാര്‍ഗോണ്‍ ജില്ലയില്‍ തങ്ങൾ വൈറസ് പടർത്തുമെന്നായിരുന്നു സാമൂഹമാധ്യമങ്ങളില്‍ ഷെയർ ചെയ്ത വീഡിയോയിൽ യുവതി ഭീഷണിപ്പെടുത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 21കാരനായ സഹോദരനാണ് വീഡിയോ ചിത്രീകരിച്ചത്. ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ വീഡിയോ പകർത്തിയിരിക്കുന്നത്.
എന്നാല്‍, വീഡിയോ വൈറൽ ആയതിന് പിന്നാലെ വിശദീകരണവുമായി ഇരുവരും രംഗത്തെത്തി. അപ്പോള്‍ തോന്നിയ ദേഷ്യവും ചില പത്രങ്ങളിലെ റിപ്പോര്‍ട്ടുകളും കാരണമാണ് അത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ കാരണമെന്നാണ് ഇവരുടെ വിശദീകരണം.
"ഞാനും എന്റെ സഹോദരനും ഡോക്ടര്‍മാരാണ്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധനയ്ക്ക് സ്വമേധയാ വിധേയരായി. വൈറസ് പടര്‍ത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല. എന്നാല്‍ ചില പത്രപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ കണ്ട് ദേഷ്യം വന്നിരുന്നു. അതിനാലാണ് അങ്ങനെയെല്ലാം പറഞ്ഞത്", യുവതി പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച തങ്ങളുടെ പിതാവ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും തന്റെ പഴയ വീഡിയോ ആരും പ്രചരിപ്പിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.