'എന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം, എന്തിനാണ് കാണുന്നതെന്ന് എഴുതിനൽകണം': കങ്കണ റണാവത്ത്

By Web Team  |  First Published Jul 12, 2024, 2:00 PM IST

കടുത്ത വിമർശനവുമായി മണ്ഡിയിൽ കങ്കണയ്ക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് രംഗത്തെത്തി. തന്നെ കാണാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതില്ലെന്ന് വിക്രമാദിത്യ സിംഗ്.


മണ്ടി: തന്നെ കാണാൻ വരുന്ന മണ്ഡലത്തിലെ ജനങ്ങൾ ആധാർ കാർഡ് കൊണ്ടുവരണമെന്ന് മണ്ഡിയിലെ എംപിയും നടിയുമായ കങ്കണ റണാവത്ത്. എന്താവശ്യത്തിനാണ് കാണുന്നതെന്ന് എഴുതിയ പേപ്പറുമായി വേണം വരാനെന്നും കങ്കണ വ്യക്തമാക്കി. എംപിയുടെ നിർദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. 

ഹിമാചൽ പ്രദേശിലേക്ക് ധാരാളം വിനോദസഞ്ചാരികൾ വരാറുണ്ട്. അതിനാൽ മണ്ഡിയിലെ ജനങ്ങൾ ആധാർ കാർഡ് കയ്യിൽ കരുതേണ്ടത് അനിവാര്യമാണ്. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് തന്നെ കാണുന്നതെന്നും പേപ്പറിൽ എഴുതണം. ജനങ്ങൾക്ക് അസൌകര്യം നേരിടേണ്ടി വരാതിരിക്കാനാണ് ഇതെന്നാണ് കങ്കയുടെ വിശദീകരണം. തന്‍റെ ഓഫീസിലേക്ക് ടൂറിസ്റ്റുകളും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുമായി നിരവധി പേർ വരുന്നതിനാൽ മണ്ഡലത്തിലെ സാധാരണക്കാർ വളരെയധികം അസൗകര്യങ്ങൾ നേരിടുന്നുവെന്നും കങ്കണ പറഞ്ഞു. ഹിമാചലിന്‍റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണാൻ  മണാലിയിലെ വീട്ടിലേക്ക് വരാമെന്നും മണ്ഡിയിലുള്ളവർക്ക് നേരെ തന്‍റെ ഓഫീസിലേക്ക് വരാമെന്നും കങ്കണ വ്യക്തമാക്കി. 

Latest Videos

undefined

പിന്നാലെ കടുത്ത വിമർശനവുമായി മണ്ഡിയിൽ കങ്കണയ്ക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് രംഗത്തെത്തി. തന്നെ കാണാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതില്ലെന്ന് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി- "ഞങ്ങൾ ജനപ്രതിനിധികളാണ്. അതിനാൽ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അത് ചെറിയ കാര്യമായാലും വലിയ കാര്യമായാലും നയപരമായ കാര്യമായാലും വ്യക്തിപരമായ കാര്യമായാലും കാണാൻ തിരിച്ചറിയൽ രേഖ ആവശ്യമില്ല". ഒന്നുകാണാൻ പേപ്പറുകൾ കൊണ്ടുവരാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു. ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗിന്‍റെ മകനാണ് വിക്രമാദിത്യ സിംഗ്.

പഞ്ചായത്ത് തലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഉള്ള വിഷയങ്ങളേക്കാൾ ദേശീയ തലത്തിലുള്ള പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുക എന്നതാണ് എംപി എന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വമെന്ന് കങ്കണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർലമെന്‍റ് അംഗമെന്ന നിലയിൽ തന്‍റെ പരിധിയിൽ വരുന്ന പ്രശ്നങ്ങളുമായി മാത്രം തന്നെ കാണാൻ വരാനും കങ്കണ ജനങ്ങളോട് അഭ്യർത്ഥിച്ചു. എംപിയെന്ന നിലയിൽ വിശാലമായ വിഷയങ്ങളാണ് താൻ കൈകാര്യം ചെയ്യുകയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കി.

800 കിമീ ആറുവരി അതിവേഗ പാത, ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ പ്രതിഷേധം, താൽകാലികമായി പണി നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!