നാല് ദിവസം മുമ്പാണ് ബന്ധുവിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. വിവാഹ ദിവസമാണ് കൊവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്...
ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവും വരനും അടക്കം നൂറുപേരെ ക്വാറന്‍റൈനിലാക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. വിവാഹ ദിവസം പെണ്‍കുട്ടിയുടെ ബന്ധുവായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വരനും വധുവും വിവാഹത്തില്‍ പങ്കെടുത്തവരുമുള്‍പ്പെടെ മുഴുവന്‍ പേരെയും നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച ഇദ്ദേഹം ജില്ലയില്‍ എത്തുകയും പരിശോധനയ്ക്ക് ശേഷം വീട്ടില്‍ ഇരിക്കുകയും ചെയ്തു. തുടര്‍ന്ന് കുറച്ച് ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് മെയ് 26 ന് വിവാഹം നടക്കുന്ന വീട്ടിലുമെത്തി. ആദ്യം ഇദ്ദേഹം പോയ സ്ഥലങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തുടര്‍നടപടികള്‍ ഇതിനോടൊപ്പം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നാല് ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. പരിശോധന നടത്തിയതിന് ശേഷം അദ്ദേഹത്തെ ചിന്ദ്വാര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഫലം വന്നു.
ഇദ്ദേഹവും വധുവും കുടുംബവും തമ്മില്‍ കണ്ടിരുന്നു എന്നതിനാലാണ് വരനെയും വധുവിനെയും വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ക്വാറന്‍റൈന്‍ ചെയ്തതെന്നും കലക്ടര്‍ വ്യക്തമാക്കി.