സർവേ ഫലങ്ങൾ കോർപ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന, മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്ന് അവകാശപ്പെട്ടു. എന്നാൽ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ ഇത്തവണയും നേടുമെന്നും ശിവസേന ഷിൻഡേ വിഭാഗം പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിൽ എക്സിറ്റ് പോൾ ഫലങ്ങളെ തളളി ഇരു മുന്നണികളും. സർവേ ഫലങ്ങൾ കോർപ്പറേറ്റ് കളിയെന്ന് പരിഹസിച്ച ഉദ്ദവ് പക്ഷ ശിവസേന, മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്ന് അവകാശപ്പെട്ടു. എന്നാൽ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ ഇത്തവണയും നേടുമെന്നും ശിവസേന ഷിൻഡേ വിഭാഗം പറഞ്ഞു.
മോദിയുടെ മൂന്നാമൂഴം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളിൽ, ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷയാണ് മഹാരാഷ്ട്ര. പിളർപ്പിനു ശേഷം ഉദ്ദവ് ശിവസേനയും എൻസിപി ശരദ് പവാറും കോണ്‍ഗ്രസിനൊപ്പം ഒന്നിച്ച മഹാവികാസ് അഘാഡി പകുതിയോളം സീറ്റിലേക്ക് എത്തുമെന്നാണ് പ്രവചനം. എന്നാൽ 35 സീറ്റുകളെന്ന വലിയ നേട്ടത്തിലേക്ക് സഖ്യമെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ പണം കൊടുത്തുണ്ടാക്കിയ ഫലമെന്നായിരുന്നു ഉദ്ദവ് സേനയുടെ പരിഹാസം, ദേശീയ തലത്തിൽ ഇന്ത്യാ സഖ്യം 295 കടക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉദ്ദവിനും ശരദ് പവാറിനും അനുകൂലമായ സഹതാപ തരംഗത്തിൽ കോട്ടം ബിജെപി സഖ്യ കക്ഷികൾക്കെന്നാണ് പ്രവചനം. ബിജെപി സീറ്റ് നിലനിർത്തുമ്പോഴും ഷിൻഡേയും അജിത്ത് പവാറും വലിയ തിരിച്ചടി നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ. ബാരാമതിയിലും മുംബൈയിലും ഇരു പാർട്ടികളും കൊമ്പു കോർത്ത മണ്ഡലങ്ങളിലെല്ലാം മഹാവികാസ് അഘാഡിയ്ക്ക് അനുകൂലമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ തവണ നേടിയ 41 ഇത്തവണയും എത്തുമെന്നാണ് കൂറുമാറി ബിജെപി സഖ്യത്തിലെത്തിയ സഞ്ജയ് നിരുപത്തിന്റെ അവകാശ വാദം. രണ്ടു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങൾ തെരഞ്ഞെടുക്കുന്ന എൻസിപിയും ശിവസേനയും ഏതെന്ന് ജൂണ്‍ നാലിനറിയാം.
ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; ചേരുന്നത് ഏഴ് വ്യത്യസ്ത യോഗങ്ങൾ