ഗുജറാത്തിലെ വത്സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ജനസാഗരം ബിജെപി മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.
അഹമ്മദാബാദ്: ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം തകർക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വത്സദിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കെത്തിയ ജനസാഗരം ബിജെപി മികച്ച വിജയം നേടുമെന്നതിന്റെ തെളിവാണെന്നും മോദി പറഞ്ഞു.
"വൽസദിലെ ഈ വമ്പിച്ച പൊതുയോഗവും വഴിയോരങ്ങളിൽ ആളുകൾ അനുഗ്രഹം ചൊരിയുന്ന രീതിയും... ഈ പൊതുയോഗം ഇവിടെ കാണുന്ന ആർക്കും അറിയാം, അതിന്റെ ഫലം എന്തായിരിക്കുമെന്ന്. അമ്മമാരുടെയും സഹോദരിമാരുടെയും ഈ പങ്കാളിത്തം, ഇത് ഞങ്ങളുടെ ഭാഗ്യമാണ്! ചുറ്റുമുള്ള ജനസാഗരം ബിജെപിയുടെ വൻ വിജയത്തെക്കുറിച്ച് കാഹളം മുഴക്കുന്നു". മോദി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഭരണകാലത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു ജിബി ഇൻ്റർനെറ്റിന് 300 രൂപ നൽകേണ്ടിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ അത് പത്ത് രൂപയിലേക്ക് കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തിയത്. ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. "ഞാൻ ഇന്ന് സൂര്യൻ ഉദിക്കുമ്പോൾ അരുണാചൽ പ്രദേശിൽ ദിവസം ആരംഭിച്ചു, ദിവസാവസാനമായപ്പോഴേക്കും ഞാൻ സൂര്യൻ അസ്തമിക്കുന്ന ദാമനിലായിരുന്നു. അതിന് നടുവിൽ ഞാൻ കാശിയിലെത്തി. ഇപ്പോൾ വത്സദിൽ നിങ്ങളുടെ നടുവിലാണ്". ഗുജറാത്തിലെ റാലിയിൽ ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നതെന്ന് ആളുകൾ തന്നോട് ചോദിക്കുന്നു. സർവേകളും രാഷ്ട്രീയ നിരൂപകരും ജനങ്ങളും പോലും ബിജെപി വൻ വിജയം നേടുമെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നത്? ജനങ്ങൾ പറഞ്ഞത് ശരിയാണ്. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് ഗുജറാത്തിലെ ജനങ്ങളെന്നും മോദി കൂട്ടിച്ചേർത്തു.
രാവിലെ സോംനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം നാലിടങ്ങളില്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ട മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് ശ്രദ്ധേയമാണ്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് തുടരുന്ന മോദി എട്ടിടങ്ങളിൽ കൂടി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം, മറ്റന്നാൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലേക്ക് എത്തും. നവസാരിയിലാണ് രാഹുൽ ഗാന്ധിയുടെ റാലി.
Read Also: 'മുസ്ലീങ്ങൾക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ'; ഗുജറാത്തിലെ സ്ഥാനാർത്ഥിയുടെ പ്രസ്താവന വിവാദത്തിൽ