'ഇവരെ ബലിയാടുകളാക്കി': താബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരായ എഫ്ഐആര്‍ കോടതി റദ്ദാക്കി

By Web Team  |  First Published Aug 22, 2020, 7:03 PM IST

പകര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോള്‍ ബലിയാടിനെ കണ്ടത്താന്‍ ശ്രമിക്കാറുണ്ട്. ഈ കേസിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശികളെ ഈ സന്ദര്‍ഭത്തില്‍ ബലിയാടുകളായി സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. 


മുംബൈ: ദില്ലിയിലെ താബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തതിന് 29 വിദേശികള്‍കളടക്കം, 34 പേര്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്ഐആര്‍ ബോംബെ ഹൈക്കോടതി ഔറംഗാബാദ് റദ്ദാക്കി. കേസില്‍ താബ്ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തു എന്നതിനാല്‍ ഇവര്‍ വിസച്ചട്ടം ലംഘിച്ചതിനോ, രാജ്യത്ത് കൊവിഡ് പടര്‍ത്തിയതിനോ തെളിവുകള്‍ ഒന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുംബൈ പൊലീസ് എടുത്ത എഫ്ഐആര്‍ റദ്ദാക്കിയത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍, പകര്‍ച്ചവ്യാധി തടയന്‍ നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്തായിരുന്നു എഫ്ഐആര്‍. കേസ് പരിഗണിക്കവേ സര്‍ക്കാറിനെതിരെയും കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

Latest Videos

undefined

പകര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോള്‍ ബലിയാടിനെ കണ്ടത്താന്‍ ശ്രമിക്കാറുണ്ട്. ഈ കേസിലെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശികളെ ഈ സന്ദര്‍ഭത്തില്‍ ബലിയാടുകളായി സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. ജസ്റ്റിസുമാരായ ടിവി നലവാഡെ, എംജി സെവില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെയാണ് വിധി.

ഇറാന്‍, ഐവറികോസ്റ്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശികള്‍. സര്‍ക്കാര്‍ നല്‍കിയ വിസയില്‍ തന്നെയാണ് രാജ്യത്ത് മത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ ആതിഥ്യ മര്യാദ അറിയാന്‍ കൂടിയാണ് തങ്ങള്‍ എത്തിയതെന്നും, വിമാനതാവളത്തില്‍ തങ്ങളെ പരിശോധിച്ചെന്നും, പ്രദേശികമായി താമസിക്കുന്നത് സംബന്ധിച്ച് അധികാരികളെ അറിയിച്ചിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. മതസമ്മേളനത്തില്‍ പങ്കെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അല്ലാതെ മതപ്രചരണം അല്ലെന്നും ഇവര്‍ പറയുന്നു.

ഇവരുടെ വാദം അംഗീകരിച്ച കോടതി മറ്റുരാജ്യങ്ങളില്‍ നിന്നുള്ള മതവിശ്വാസികളോട് വ്യത്യസ്ത സമീപനം എടുക്കുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചു. മതപരമായും സാമൂഹ്യപരമായും സഹിഷ്ണുത പുലര്‍ത്തേണ്ടത് രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആത്യവശ്യമാണ്. ഇത് ഭരണഘടനയില്‍ വ്യക്തമാക്കുന്നുണ്ട് കോടതി പറഞ്ഞു.

സന്ദര്‍ശക വിസയില്‍ എത്തിയ ഇവര്‍ വിസ ചട്ടം ലംഘിച്ചുവെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസിന്‍റെ ഈ വാദം കോടതി തള്ളി. കേസ് എടുത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടോ എന്ന് സംശയിക്കണമെന്ന് കോടതി പറഞ്ഞു. പൊലീസ് കേസില്‍ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ തെളിവില്ലെന്നും കോടതി പറയുന്നു.
 

click me!