കൊവിഡ് ഭീതി: കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവണ്ടിയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു; നടപടി

By Web Team  |  First Published Jun 11, 2020, 8:59 PM IST

സർക്കാർ ഓഫീസിൽ എത്തിയ മുഹമ്മദ് അൻവർ പ്രവേശന കവാടത്തിൽ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. ഈ സമയം അവിടെ ഉണ്ടായിരുന്ന ആരോ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 


ലഖ്നൗ: സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യവണ്ടിയില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം. മുഹമ്മദ് അന്‍വര്‍ (42) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു.

പ്രദേശത്ത് ആംബുലൻസ് ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചതാകാമെന്ന് കരുതിയാണ് ആരും സഹായത്തിന് എത്താതിരുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ഓഫീസിൽ എത്തിയ മുഹമ്മദ് അൻവർ പ്രവേശന കവാടത്തിൽ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. ഈ സമയം അവിടെ ഉണ്ടായിരുന്ന ആരോ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പൊലീസ് നോക്കി നിൽക്കുമ്പോഴായിരുന്നു അൻവറിന്റെ മൃതദേഹം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ചേര്‍ന്ന് മാലിന്യ വണ്ടിയില്‍ കയറ്റിയത്. 

Latest Videos

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബല്‍റാംപുര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് രം​ഗത്തെത്തി. മനുഷ്യത്വ രഹിതമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു."കൊവിഡ് ഭീതിയും അജ്ഞതയും മൂലമാണ് ജനങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയത്. പൊലീസിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. കൊവിഡ് സംശയിക്കുന്ന ആളെ പിപിഇ സ്യൂട്ട് ധരിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്" പൊലീസ് സൂപ്രണ്ട് പറഞ്ഞു. അതേസമയം, മരിച്ച മുഹമ്മദ് അന്‍വറിന് വൈറസ് ബാധയുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല.

click me!