കൊവിഡ് ബാധിതരുടെയും അവരുടെ ബന്ധുക്കളുടെയും മാനസ്സികാവസ്ഥ എന്താണെന്ന് ആലോചിക്കാനാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അത്ഭുതപ്പെടുന്നത്...
പാറ്റ്ന: കൊവിഡ് വ്യാപനത്തിന് പിന്നാലെ മരണം അനിയന്ത്രിതമായതോടെ ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ നദികളിൽ ഒഴുക്കുന്നത് തുടരുന്നു. സംസ്ഥാനങ്ങൾ പരസ്പരം പഴിചാരുമ്പോഴും മൃതദേഹങ്ങൾ നദിയിൽ തള്ളുന്നത് തടയാനിതുവരെയും ആയിട്ടില്ല. ആംബുലൻസുകളിൽ കൊണ്ടുവന്നാണ് മൃതദേഹങ്ങൾ നദിയിൽ തള്ളുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ബുക്സാറിലെ ഗംഗാനദീ തീരത്തടിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 71 ആയി. എന്നാൽ സംഭവത്തിൽ ബിഹാർ കുറ്റപ്പെടുത്തുന്നത് ഉത്തർപ്രദേശിനെയാണ്. ഒരു മേൽപ്പാലത്തിന് മുകളിൽ നിന്ന് അംബുലൻസിൽ നിന്ന് മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
undefined
കൊവിഡ് ബാധിതരുടെയും അവരുടെ ബന്ധുക്കളുടെയും മാനസ്സികാവസ്ഥ എന്താണെന്ന് ആലോചിക്കാനാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ അത്ഭുതപ്പെടുന്നത്. ഉത്തർപ്രദേശിലെ ബാലിയയുമായി ബിഹാർ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഭവം നടന്നതെന്നാണ് ബിഹാറിലെ ബിജെപി എംപി ജനാർധൻ സിംഗ് സിഗ്രിവാൾ ആരോപിച്ചത്.
ആംബുലൻസ് ഡ്രൈവർമാരോട് മൃതദേഹം നദിയിലേക്ക് പുറംതള്ളരുതെന്ന് ആവശ്യപ്പെടാൻ ജില്ലയിലെ അധികാരികളോട് അഭ്യർത്ഥിച്ചതായി സിഗ്രിവാൾ പറഞ്ഞു. രാത്രിയിൽ തന്നെ മൃതദേഹങ്ങൾ പുറത്തെടുത്തെങ്കിലും നദിയിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളെല്ലാം പോസ്റ്റ് മോർട്ടം സാധ്യമല്ലാത്ത വിധത്തിൽ അഴുകിയവയാണ്. അതിനാൽ തന്നെ മരണകാരണം കണ്ടെത്താനായിട്ടില്ല.
മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ സംസ്കരിക്കാൻ വലിയ ചെലവ് വരുമെന്നതിനാലാകാം മൃതദേഹം നദിയിൽ തള്ളുന്നതെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ശ്മശാനത്തിൽ ആവശ്യത്തിനുള്ള സാമഗ്രികളുണ്ടെന്നും അവർ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona