നിർമല സീതാരാമനോട് വ്യവസായിയുടെ മാപ്പപേക്ഷ; ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ ഖേദം പ്രകടിപ്പിച്ച് അണ്ണാമലൈ

By Web TeamFirst Published Sep 13, 2024, 2:30 PM IST
Highlights

തമിഴ്നാട്ടിലെ വ്യവസായികൾക്കിടയിൽ എതിർപ്പ് ശക്തമായതോടെയാണ് നീക്കം. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അണ്ണാമലൈ അഭ്യര്‍ത്ഥിച്ചു.

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് വ്യവസായി മാപ്പ് പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. വ്യവസായി അന്നപൂർണ ശ്രീനിവാസനെ അണ്ണാമലൈ ഫോണിൽ വിളിച്ചു. തമിഴ്നാട്ടിലെ വ്യവസായികൾക്കിടയിൽ എതിർപ്പ് ശക്തമായതോടെയാണ് നീക്കം. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അണ്ണാമലൈ അഭ്യര്‍ത്ഥിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ അണ്ണാമലൈയെ ശ്രീനിവാസൻ പിന്തുണച്ചിരുന്നു.

നിർമല സീതാരാമനെ വിമര്‍ശിച്ചതിനാണ്  കോയമ്പത്തൂരിലെ വ്യവസായിയായ അന്നപൂർണ ശ്രീനിവാസൻ ധനമന്ത്രിയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞത്. ശ്രീനിവാസൻ എഴുന്നേറ്റ് നിന്ന് കൈകൂപ്പുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ജിഎസ്ടി നിരക്കിനെ ശ്രീനിവാസൻ വിമർശിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. മന്ത്രിയെ വേദിയിൽ ഇരുത്തിയായിരുന്നു ശ്രീനിവാസന്റെ വിമർശനം. മന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രം​ഗത്തെത്തി. സത്യം പറഞ്ഞ വ്യവസായിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചു എന്നാണ് കോൺഗ്രസിന്‍റെ വിമര്‍ശനം. വ്യവസായികളുടെ പ്രശ്നം പറയാൻ അല്ലെങ്കിൽ മന്ത്രി യോഗം വിളിച്ചത് എന്തിനാണെന്നാണ് കോൺഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. വിമർശനത്തോടുള്ള അസഹിഷ്ണുത തെളിഞ്ഞെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന് അഹങ്കാരമാണെന്ന് രാഹുൽ ഗാന്ധിയും വിമര്‍ശിച്ചു. ചെറുകിടവ്യവസായി പ്രയാസം അറിയിച്ചാൽ അഹങ്കാരത്തോടെ പ്രതികരിക്കും. വഴിവിട്ട ആവശ്യങ്ങൾ ഉന്നയിക്കുന്ന വമ്പന്മാർക്ക് ചുവപ്പ് പരവതാനി വിരിക്കുമെന്നും രാഹുൽ വിമര്‍ശിച്ചു.

Latest Videos

click me!