തന്നെക്കുറിച്ച് ഒന്നും പറയാനില്ലാത്ത ബിജെപി പരാജയഭീതി മൂലം ഇല്ലാത്ത ആരോപണങ്ങളുന്നയിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
ബെംഗളുരു : സിദ്ധരാമയ്യയെക്കുറിച്ച് പുസ്തകം പുറത്തിറക്കാൻ കർണാടക ബിജെപി മന്ത്രി. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. സിദ്ധരാമയ്യയെ ടിപ്പുസുൽത്താന്‍റെ വേഷത്തിൽ ചിത്രീകരിക്കുന്ന ഒരു കാർട്ടൂണാണ് പുസ്തകത്തിന്‍റെ കവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തന്‍റെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാൽ നിർബന്ധമാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്. ബിജെപി വിദ്യാഭ്യാസമന്ത്രി അശ്വത്ഥ് നാരായണൻ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പുസ്തകം പ്രകാശനം ചെയ്യും.
പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പുസ്തകം അപകീർത്തികരമാണെന്നും പ്രസിദ്ധീകരണം തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. തന്നെക്കുറിച്ച് ഒന്നും പറയാനില്ലാത്ത ബിജെപി പരാജയഭീതി മൂലം ഇല്ലാത്ത ആരോപണങ്ങളുന്നയിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നിലവിൽ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സിദ്ധരാമയ്യ.