4,12,338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ നിന്നും ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ നിന്നും പ്രഖ്യാപിച്ച ആദ്യവിജയിയും സുരേഷ് ഗോപിയായി.
ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ദേശീയ ശ്രദ്ധാകേന്ദ്രമായിരുന്ന കേരളത്തിലെ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍. ബിജെപി ഏറെ ശ്രദ്ധ ചെലുത്തിയ കേരളത്തിലെ മണ്ഡലങ്ങളിലൊന്ന്. പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്ന്. അങ്ങനെ പല തരത്തില്‍ ദേശീയതലത്തില്‍ തന്നെ തൃശ്ശൂര്‍ ശ്രദ്ധാകേന്ദ്രമായി. കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പോരാട്ടം നടക്കുമെന്ന് ആദ്യം കരുതിയ മണ്ഡലങ്ങളില്‍ തൃശ്ശൂരും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പ് തന്നെ 2019 ല്‍ തൃശൂര്‍ പിടിച്ച ടി എന്‍ പ്രതാപന്‍റെ ചുമരെഴുത്തുകള്‍ തൃശ്ശൂരില്‍ ഉയര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം കെ മുരളീധരനെ തൃശ്ശൂര്‍ ഏല്‍പ്പിച്ചു. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എന്നും കരുത്ത് തെളിയിച്ചിട്ടുള്ള മുരളീധരന്‍ വിജയ സാധ്യതയും മുന്നില്‍ കണ്ടിരുന്നു. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി എസ് സുനില്‍ കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും രംഗത്തെത്തിയത് മത്സരം ശക്തമാകുമെന്ന സൂചന നല്‍കി.
പ്രചാരണ കാലത്തും മൂവരും കരുത്തുറ്റ മത്സരം കാഴ്ച വച്ചു. പക്ഷേ, വേട്ടെണ്ണല്‍ അടുത്ത വേളയില്‍ മുരളീധരന്‍ പോലും തോല്‍വി സാധ്യത മുന്നില്‍ കണ്ടിരുന്നു വെന്നത് അദ്ദേഹത്തിന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ വാക്കുകളിലെ ആത്മവിശ്വാസ കുറവ് തെളിയിച്ചു. മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും തൃശ്ശൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് അല്പം വൈകിയെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ വിഎസ് സുനില്‍കുമാര്‍ മുന്നിട്ട് നിന്നെങ്കിലും അതിന് വലിയ ആയുസ് ഇല്ലായിരുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഓരോ വേളയിലും ക്രമാനുഗതമായി സുരേഷ് ഗോപി തന്‍റെ ലീഡ് ഉയര്‍ത്തുന്നത് കാണാമായിരുന്നു. തൃശ്ശൂര്‍ ലൂദ് മാതാ പള്ളിയില്‍ ചെമ്പ് കിരീടം സമ്മാനിച്ചെന്ന വിവാദങ്ങളൊന്നും അദ്ദേഹത്തിന്‍റെ വോട്ടണ്ണലില്‍ പ്രതിഫലിച്ചില്ല. ഏറ്റവും ഒടുവിലെ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ സുരേഷ് ഗോപി 74,686 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തന്‍റെ സ്ഥാനം സുരക്ഷിതമാക്കിയിരിക്കുന്നു. 4,12,338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ നിന്നും ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ നിന്നും പ്രഖ്യാപിച്ച ആദ്യവിജയിയും സുരേഷ് ഗോപിയായി.
അതേസമയം അഡ്വ. വിഎസ് സുനില്‍ കുമാറിന് 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്‍റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്‍റെ പരാജയം പൂർണ്ണമാക്കി എന്ന് വേണം വിലയിരുത്താന്‍. മുരളീധരന്‍റെ നഷ്ടം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2019 -ല്‍ കോണ്‍ഗ്രസിന് വേണ്ടി 4,15,089 വേട്ടുകള്‍ നേടി തൃശ്ശൂര്‍ പിടിച്ച ടി എന്‍ പ്രതാപന്‍, 2024 -ലെ കോണ്‍ഗ്രസ് പരാജയത്തിന് മറുപടി പറയേണ്ടിവരുമെന്നതാണ് അവസ്ഥ. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാറി മാറി രാഷ്ട്രീയ പാര്‍ട്ടികളെ പരീക്ഷിച്ചിട്ടുള്ള ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 1952 -ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലം പക്ഷേ, 1957 മുതല്‍ 1980 വരെ സിപിഎമ്മിനൊപ്പമായിരുന്നു. ശക്തമായ ഇടതു കോട്ടയെന്ന ധാരണ പൊളിച്ചാണ് 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി എ ആന്‍റണി തൃശൂരില്‍ വിജയിക്കുന്നത്. പിന്നീട് 1996 വരെ തൃശൂര്‍ കോണ്‍ഗ്രസിനൊപ്പം നില കൊണ്ടു.
1996-ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി സിപിഎം സീറ്റ് തിരികെ പിടിച്ചു. പിന്നീടിങ്ങോട്ടുള്ള തെരഞ്ഞെടുപ്പില്‍ ഇടത് വലത് നേതാക്കളെ തൃശൂര്‍ ലോക്‌സഭയിലേക്ക് അയച്ചു. 2019-ല്‍ 'തൃശൂര്‍ എടുക്കു'മെന്ന് പറഞ്ഞ് സുരേഷ് ഗോപി എത്തിയെങ്കിലും തൃശൂര്‍ ബിജെപിക്ക് എടുക്കാന്‍ സാധിച്ചില്ല. 2019 -ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും മുന്‍തെരഞ്ഞെടുപ്പിനേക്കാളും വോട്ട് വര്‍ധിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. 2024 ല്‍ ഏതാണ്ട് മുക്കാല്‍ ലക്ഷത്തിന്‍റെ വിജയവും.