ഹൃദയഭൂമിയും മറാത്ത മണ്ണും ചതിച്ചു, മൂന്നാം തവണയും ഒറ്റക്ക് ഭൂരിപക്ഷ സ്വപ്നത്തിൽ വീണുടഞ്ഞ് മോദിയും ബിജെപിയും

By Web Team  |  First Published Jun 4, 2024, 11:58 PM IST

ഉത്തർപ്രദേശിൽ അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയാണ് ബിജെപിയുടെ നിശബ്ദ അന്തകനായത്. സമാജ്‌വാദി പാർട്ടിയുടെ അത്ഭുതകരമായ തിരിച്ചുവരവും രാഹുൽ ഗാന്ധിയുടെ കീഴിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പും ബിജെപിയെ പിന്നിലേക്ക് തള്ളി.


റ്റക്ക് ഭൂരിപക്ഷം നേടി മൂന്നാമതും അധികാരത്തിലേറുകയും ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്യുകയുമെന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും സ്വപ്നത്തിന് വിഘാതമായി ഹിന്ദി ഹൃദയഭൂമിയിലെ കണക്കുകൾ. തങ്ങളെ എക്കാലവും തുണയ്ക്കുന്ന ഹിന്ദി ബെൽറ്റിലെ തോൽവി ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. 2024ൽ അധികാരം നിലനിർത്തണമെങ്കിൽ സഖ്യകക്ഷികളുടെ സഹായം കൂടിയേ തീരുവെന്ന നിർബന്ധിതാവസ്ഥയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയെക്കുറിച്ചുള്ള ഹിതപരിശോധനാ ഫലമാണ് തെരഞ്ഞെടുപ്പിലൂടെ പുറത്തുവന്നതെന്ന വസ്തുതയും ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. 

543 സീറ്റുകളുള്ള സഭയിൽ 272 എന്ന നിർണായക സംഖ്യക്ക് താഴെയായി ബിജെപി 240 സീറ്റുകളിലാണ് വിജയിച്ചത്. ഇന്ത്യ ബ്ലോക്ക് 232 സീറ്റുകളിൽ വിജയിച്ചു.  99 സീറ്റുകൾ നേടിയ കോൺ​ഗ്രസാണ് ഇന്ത്യാ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിപദത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് മോദി. എന്നാൽ, മോദിയുടെയും എൻഡിഎയുടെയും വിജയത്തിന് തിളക്കം നന്നേകുറവാണെന്നതാണ് വസ്തുത. ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്. മഹാരാഷ്ട്രയും ചതിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനുമായില്ല. തമിഴ്‌നാട്ടിൽ പൂജ്യമാണ് കിട്ടിയത്. കർണാടകയിൽ സീറ്റും നഷ്ടപ്പെട്ടു. ആന്ധ്രാപ്രദേശിലും ബീഹാറിലും  ബിജെപിയുടെ പ്രധാന പങ്കാളികളായ എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും മുന്നേറിയതാണ് എന്‍ഡിഎക്ക് തുണയായത്. ബിഹാറില്‍ ആര്‍ജെഡിയുടെ വെല്ലുവിളി അതിജീവിച്ച് ജെഡിയു മികച്ച പ്രകടനം കാഴ്ചവെച്ചു.  

Latest Videos

undefined

ഉത്തർപ്രദേശിൽ അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയാണ് ബിജെപിയുടെ നിശബ്ദ അന്തകനായത്. സമാജ്‌വാദി പാർട്ടിയുടെ അത്ഭുതകരമായ തിരിച്ചുവരവും രാഹുൽ ഗാന്ധിയുടെ കീഴിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പും ബിജെപിയെ പിന്നിലേക്ക് തള്ളി. അയോധ്യാക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും സമാജ്‍വാദി പാര്‍ട്ടിയുടെ വിജയക്കൊടി പാറി. യുപിയിൽ എസ്പി 37 സീറ്റുകളാണ് നേടിയത്. ബിജെപി 33 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് ആറിടത്തും വിജയിച്ചു. യുപിയിലെ ബിജെപി സ്റ്റാര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനി വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 

 എക്‌സിറ്റ് പോളുകൾ അമ്പേ ദുരന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 350 ലേറെയും 400-നടുത്തുമായിരുന്നു മിക്ക എക്സിറ്റ് പോളുകളും എന്‍ഡിഎക്ക് പ്രവചിച്ചത്. രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ്  ശക്തമായി തിരിച്ചുവന്നു. 2019-ലെ 52 സീറ്റില്‍ നിന്ന് 99 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന്‍റെ സീറ്റുനില മാറി. ബിജെപിയുടെ കോട്ടകളിലാണ് കോണ്‍ഗ്രസ് കടന്നുകയറിയത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 22 ൽ നിന്ന് 29 സീറ്റുകളാക്കി തൃണമൂല്‍ നില ഉയര്‍ത്തി. ബിജെപിയാകട്ടെ 18 സീറ്റിൽ നിന്ന് 12 സീറ്റുകളിലേക്ക് വീണു. 

പ്രധാനമന്ത്രി മോദി തുടർച്ചയായി മൂന്നാം തവണയും വാരാണസി സീറ്റ് നിലനിർത്തിയെങ്കിലും നന്നേ വിയര്‍ത്തു. വെറും 1.53 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചു കയറിയത്. ഒരിക്കല്‍ മോദി പിന്നില്‍ പോകുന്ന അവസ്ഥ വരെയുണ്ടായി. 2019ൽ മാർജിൻ 4,79,505 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം 6 ലക്ഷമാക്കുക എന്നതായിരുന്നു മണ്ഡലത്തില്‍ ബിജെപിയുടെ മുദ്രാവാക്യം. 

'ഷെഹ്‌സാദ' എന്ന് ബി.ജെ.പി പലപ്പോഴും പരിഹസിക്കുന്ന രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും യഥാക്രമം 3,64,422 വോട്ടുകളുടെയും 3,90,030 വോട്ടുകളുടെയും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. വരും നാളുകളില്‍ ദേശീയ രാഷ്ട്രീയം ആര്‍ക്കൊപ്പമെന്നതിന്‍റെ ലിറ്റ്മസ് ടെസ്റ്റാണ് ഇരുവരുടെയും ഭൂരിപക്ഷമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. 300-ലധികം റാലികളാണ് മോദി രാജ്യത്തുടനീളം നടത്തിയത്. തന്നില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണമേറെയും. സ്വന്തം പ്രസംഗത്തില്‍ മോദി എന്ന വാക്ക് പലതവണ കേട്ടു.

മോദിയുടെ ഗ്യാരണ്ടി എന്നത് ടാഗ്‍ലൈനായി. പലയിടത്തും കടുത്ത വര്‍ഗീയ പ്രസംഗങ്ങളാണ് മോദി നടത്തുന്നതെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. കോൺഗ്രസും ഇടതുപക്ഷവും പ്രധാന രാഷ്ട്രീയ ശക്തികളായ കേരളത്തില്‍ ഒരു സീറ്റ് നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. നടൻ സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ താമര ചിഹ്നത്തില്‍ വിജയിപ്പിക്കാൻ കഴിഞ്ഞു. 

Read More... തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജയിലിൽ, 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയം, എഞ്ചിനിയർ റാഷിദ് തോൽപ്പിച്ചത് ഒമർ അബ്ദുല്ലയെ

ഒഡീഷയിലെ മുന്നേറ്റവും മധ്യപ്രദേശിലെ 29 സീറ്റുകളിലെ വിജയവും ഗുജറാത്തിലെ 26ൽ 25 സീറ്റുകളിലെ വിജയവും ബിജെപിക്ക് ​ഗുണം ചെയ്തു. രാജസ്ഥാനിൽ 25 സീറ്റുകളിൽ നിന്ന് 14 എണ്ണത്തിലേക്ക് ബിജെപി ചുരുങ്ങി. എട്ട് സീറ്റുകൾ കോൺ​ഗ്രസ് നേടി. മഹാരാഷ്ട്രയാണ് ബിജെപിയെ ഞെട്ടിച്ചത്.  48 ലോക്‌സഭാ സീറ്റിൽ 2019ൽ ബിജെപി 23 സീറ്റുകൾ നേടി. എന്നാൽ, ഇപ്പോൾ 11 സീറ്റുകൾ മാത്രമാണ് ജയിച്ചത്. സഖ്യകക്ഷിയായ ശിവസേന (ഷിൻഡെ വിഭാ​ഗം) ഏഴ് സീറ്റുകളിലും നേടി. കോൺ​ഗ്രസ് 12 സീറ്റ് നേടി. 2019ൽ ഒരു സീറ്റ് മാത്രമായിരുന്നു നേടിയത്. ശിവസേന (ഉദ്ദവ് വിഭാ​ഗം) 19 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചു. എൻസിപി ശരദ് പവാർ വിഭാഗവും കരുത്ത് കാട്ടി. നാഗ്പൂരിലും മുംബൈ നോർത്തിലും യഥാക്രമം കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും പിയൂഷ് ഗോയലും വിജയിച്ചത് ബിജെപിക്ക് ആശ്വാസമായി. 

Read More... പരിഹസിച്ചവർക്കുള്ള മറുപടിയായി രാഹുലിന്‍റെ മിന്നും ജയം; 'ഇന്ത്യ'യെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ജനങ്ങള്‍

ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാദളിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. സംസ്ഥാനത്തെ 21 സീറ്റുകളിൽ 19 എണ്ണത്തിലും ബിജെപി വിജയിച്ചു. അപ്രതീക്ഷിതമായി ആന്ധ്രാപ്രദേശിലെ ഇരുപത്തിയഞ്ച് സീറ്റുകളിൽ പതിനാറ് സീറ്റുകളിലും ബി.ജെ.പി സഖ്യം വിജയിച്ചു.  

click me!