ദില്ലിയില്‍ തുടരുന്ന അണ്ണാമലൈക്ക് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല.
ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായുള്ള തര്‍ക്കത്തില്‍ തീരുമാനം എടുക്കാനാകാതെ ബിജെപി കേന്ദ്ര നേതൃത്വം. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ചര്‍ച്ചകള്‍ക്കായി ദില്ലിയിലുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം തുടരുകയാണ്. ഇതിനിടെ നാളെ നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന ഭാരവാഹി യോഗവും റദ്ദാക്കി. ദില്ലിയിലുള്ള അണ്ണാമലൈ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. നിര്‍മല സീതാരാമനെ തമിഴ്നാടിന്‍റെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നതും പരിഗണനയിലാണ്. നാളെ നിര്‍മല സീതാരാമന്‍ ചെന്നൈയിലെത്തും. തമിഴ്നാട്ടിലെ സാഹചര്യം സംബന്ധിച്ച് നിര്‍മലയില്‍നിന്ന് കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദില്ലിയില്‍ തുടരുന്ന അണ്ണാമലൈക്ക് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. നാളെ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് മുമ്പായി ചെന്നൈയില്‍ തിരിച്ചെത്തുമെന്നാണ് നേരത്തെ അണ്ണാമലൈ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനിടയിലാണ് സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ തന്നെ പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഡിഎംഡികെ, പിഎംകെ പോലുള്ള പാര്‍ട്ടികള്‍ പിന്തുണച്ചാലും രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറമെ മൂന്നാമതൊരു മുന്നണിക്ക് എത്രത്തോളം വിജയസാധ്യതയുണ്ടെന്നതും നിര്‍ണായകമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി താഴെത്തട്ടില്‍നിന്നും വലിയരീതിയിലുള്ള പ്രവര്‍ത്തനം തമിഴ്നാട്ടില്‍ നടത്തിയിരിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇതിനെല്ലാം ശേഷമാണിപ്പോള്‍ എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം വിടുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25നാണ് എഐഎഡിഎംകെ പാര്‍ട്ടി നേതൃയോഗത്തിനുശേഷം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. രണ്ട് കോടിയിലധികം വരുന്ന പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം എന്ന് നേതൃയോഗം പ്രമേയം പാസ്സാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുമായുള്ള വാക്പോരിന് ഒടുവിലാണ് സഖ്യം വിടാന്‍ എഐഎഡിഎംകെ തീരുമാനിക്കുന്നത്. അണ്ണാദുരൈയേയും ജയലളിതയേയും വരെ അധിക്ഷേപിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷനെ നിയന്ത്രിക്കാൻ കേന്ദ്ര നേതൃത്വം ഒരുക്കമല്ലെന്നാരോപിച്ചാണ് സഖ്യം വിടാനുള്ള പ്രഖ്യാപനം വരുന്നത്.
ഇതിനിടെ എന്‍ഡിഎ വിട്ട എഐഎഡിഎംകെയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ ചര്‍ച്ച നടന്നത്. എഐഡിഎംകെയ്ക്കെതിരെ പരസ്യ പ്രസ്താവന പാടില്ല എന്ന് കെ അണ്ണാമലക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അമിത് ഷാ കളത്തിൽ ഇറക്കിയത്. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.