കൊവിഡ് വ്യാപനത്തിന്‍റെ കണക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ പതിനൊന്നാമത് എത്തി. ലോക്ക്ഡൗൺആവശ്യമായിരുന്നോ എന്ന ചർച്ചയിൽ തുടങ്ങി കുടിയേറ്റ തൊഴിലാളികളുടെ പലായന കാഴ്കൾ വരെ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്നാണ് ബിജെപി ക്യാമ്പിലെ ആശങ്ക
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കയോടെ ബിജെപി. രോഗ വ്യാപനത്തിന്‍റെ തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികൾ അങ്ങേയറ്റം പ്രശംസനീയമായിരുന്നെങ്കിലും രോഗം പടര്‍ന്നു പിടിക്കുന്ന ഈ ഘട്ടത്തിൽ അത് തിരിച്ചടിക്കുമോ എന്നാണ് ബിജെപി ഭയക്കുന്നത്. ലോക്ക്ഡൗൺ അടക്കം പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രതിരോധ നടപടികൾക്ക് വലിയ സ്വീകാര്യതയാണ് തുടക്കത്തിൽ കിട്ടിയത്.
പ്രധാനമന്ത്രിയുടെ പിന്തുണ 83 ശതമാനം വരെ ചില സർവ്വെകളിൽ ഉയർന്നിരുന്നു. എന്നാൽ ഒരു ഇംഗ്ലീഷ് മാധ്യമം കഴിഞ്ഞയാഴ്ച നടത്തിയ സർവ്വെയിൽ ഇത് 71 ശതമാനമായി കുറഞ്ഞു.ഇപ്പോഴും വലിയൊരു വിഭാഗം പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്നുണ്ട്. എന്നാൽ കൊവിഡ് കേസുകൾ അതിവേഗം ഉയരുന്ന അവസ്ഥയാണ് രാജ്യത്ത് ഉള്ളത്. ചൈനയെ മറികടന്ന് ഇന്ത്യ പതിനൊന്നാമത് എത്തുമ്പോൾ ബിജെപി ക്യാംപിലും ആശങ്ക പടരുകയാണ്.
ലോക്ക്ഡൗൺ ആവശ്യമായിരുന്നോ അതുകൊണ്ട് എന്ത് ഗുണമുണ്ടായി ? പ്രത്യാഘാതങ്ങളെന്തൊക്കെ എന്നിങ്ങനെ എന്ന ചർച്ച സജീവമാകുമെന്ന വിലയിരുത്തൽ പാര്‍ട്ടിക്കകത്ത് ഉണ്ട്. പാളിച്ചകൾ പ്രതിപക്ഷം വിഷയമാക്കുന്നുമുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് മടങ്ങാനുള്ള സൗകര്യം ആദ്യഘട്ടത്തിൽ തന്നെ നൽകാമായിരുന്നു എന്ന പൊതു വികാരവും പാർട്ടി എംപിമാർക്കുണ്ട്.
നിലവിൽ പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് കുടിയേറ്റ തൊഴിലാളികളുടെ പലായന കാഴ്ചകൾ തിരിച്ചടിയാണെന്നാണ് പാര്‍ട്ടിക്കകത്തെ അഭിപ്രായം. ബിഹാർ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കിനിൽക്കെ ഇതുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം പരിഹരിക്കണം എന്ന നിർദ്ദേശം ബിജെപിക്കകത്ത് ശക്തമാണ് .