ഹരിയാനയിൽ പോളിങ്ങിൽ വലിയ ഇടിവ്, 60 ശതമാനം കടന്നത് രണ്ട് മണ്ഡലങ്ങളിൽ, അവകാശവാദവുമായി മുന്നണികൾ
ചണ്ഡീഗഢ്: ഹരിയാനയിൽ പോളിംഗ് ശതമാനത്തിൽ കനത്ത ഇടിവ്. 58.44 ആണ് നിലവിലെ പോളിംഗ് ശതമാനം. പോളിംഗിലെ ഇടിവ് രാഷ്ട്രീയ പാർട്ടികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പോളിംഗ് ഇടിഞ്ഞതോടെ പ്രാദേശിക പാർട്ടികളായ ജെജെപിയും ഐഎൻഎൽഡിയും പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങളെ നിർണ്ണയിക്കുക
വലിയ രാഷ്ട്രീയമത്സരം നടന്ന ഹരിയാനയിൽ 2019 നെക്കാൾ വലിയ കുറവാണ് പോളിംഗിലുണ്ടായത്. അംബാല, ഹിസാർ,കുരുക്ഷേത്ര, സിർസ സീറ്റുകളിൽ മാത്രമാണ് പോളിംഗ് അറുപത് ശതമാനം കടന്നത്. നഗരമേഖലകളായ ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളിലും പോളിംഗ് ഇടിഞ്ഞു. മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മത്സരിച്ച കർണാലിലും ശതമാനത്തിൽ ഉണർവുണ്ടായില്ല.
ഗ്രാമീണ മേഖലകളിൽ ഭേദപ്പെട്ട് പോളിങ് നടന്നു. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും പോളിങ് ശതമാനം എഴുപത് കടന്നപ്പോൾ ബിജെപിക്കായിരുന്നു നേട്ടം. പോളിംഗ് കുറഞ്ഞെങ്കിലും ഭരണവിരുദ്ധവോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്നും കഴിഞ്ഞ തവണ ബിജെപിക്ക് അനൂകൂലമായി എത്തിയ വോട്ടുകൾ ഇക്കുറി കുറഞ്ഞുവെന്നുമാണ് കോൺഗ്രസ് എഎപി സഖ്യത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ പാർട്ടി വോട്ടുകളും മോദി അനൂകൂല വോട്ടുകൾ കൃത്യമായി പോൾ ചെയ്തതെന്നാണ് ബിജെപി നിഗമനം. ഭരണവിരുദ്ധവികാരവും കർഷകസമരം, ഗുസ്തി താരങ്ങളുടെ സമരവും ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പോളിംഗ് ശതമാനത്തിലെ ഇടിവ് ഫലം കഴിഞ്ഞ തവണത്തെ പോലെ ഏകപക്ഷീയമാക്കില്ലെന്നാണ് വിലയിരുത്തൽ.
ലോക്സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടത്തിൽ 57.7% പോളിംഗ്; ഏറ്റവുമധികം പോളിംഗ് ബംഗാളിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം