സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ഭാരത് ഗൗരവ് ട്രെയിന്‍, ഫ്ലാഗ് ഓഫ് ചെയ്തു

By Web Team  |  First Published Sep 21, 2024, 10:23 AM IST

അയോധ്യ, സീതാമർഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്.


ദില്ലി: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. അയോധ്യ, സീതാമർഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്. ഇന്ത്യയുടെയും നേപ്പാളിന്‍റെയും സാംസ്കാരിക പൈത‍ൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 

റെയിൽവേ വഴി ഇന്ത്യൻ സംസ്കാരം അടുത്തറിയാനുള്ള അവസരമാണ് ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെയും നേപ്പാളിന്‍റെയും ഏറ്റവും മികച്ച സാംസ്കാരിക പൈതൃകം അനുഭവിക്കാൻ സഞ്ചാരികൾക്ക് പുതിയ ട്രെയിൻ യാത്രയിലൂടെ കഴിയും. താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ഇന്ത്യൻ റെയിൽവേ ഒരുക്കുമെന്ന് അശ്നി വൈഷ്ണവ് അറിയിച്ചു. ശ്രീ രാമായണ്‍ യാത്ര, ശ്രീ ജഗന്നാഥ യാത്ര, ബുദ്ധ യാത്ര, മഹാവീർ യാത്ര, ഗുരുകൃപ യാത്ര, ജ്യോതിർലിംഗ ഭക്തി യാത്ര, അംബേദ്കർ യാത്ര, ചാർ ധാം യാത്ര, പുണ്യ കാശി യാത്ര, വടക്കുകിഴക്കൻ ഇന്ത്യയെ കണ്ടെത്തൽ, ഉത്തർ ഭാരത് യാത്ര, ദക്ഷിണ ഭാരത് യാത്ര എന്നിവ ഇതിനകം ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. 

Latest Videos

ആഭ്യന്തര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021 നവംബറിലാണ് 'ദേഖോ അപ്നാ ദേശ്' പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ ഭാരത് ഗൗരവ് ട്രെയിനുകൾ ആരംഭിച്ചത്.  2022 ജനുവരിയിൽ ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് മഹാരാഷ്ട്രയിലെ സായ്നഗർ ഷിർദിയിലേക്കായിരുന്നു ഇത്.

ഐആർസിടിസിയുടെ ഭാരത് ടൂറിസ്റ്റ് ട്രെയിനിൽ സ്ലീപ്പർ (നോൺ എസി), എസി 3 ടയർ, എസി 2 ടയർ കോച്ചുകളുണ്ട്. ട്രെയിനിറങ്ങി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രാ സൌകര്യം, താമസം, ഭക്ഷണം, വൈദ്യസഹായം, യാത്രാ ഇൻഷുറൻസ് എന്നിവയെല്ലാം പാക്കേജിന്‍റെ ഭാഗമാണ്. നേപ്പാൾ യാത്രയ്ക്കുള്ള ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് റെയിൽവേ അറിയിക്കും.

ജനശതാബ്ദി ഇനി വേറെ ലെവൽ; എൽഎച്ച്ബി കോച്ചുകൾ വരുന്നു, സൗകര്യങ്ങളും സുരക്ഷയും കൂടും 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!