വൈദ്യുതാഘാതമേറ്റ് ഒന്‍പത് വയസുകാരിയുടെ മരണം; ഫ്‌ളാറ്റ് പ്രസിഡന്റ് അടക്കം ഏഴ് പേര്‍ അറസ്റ്റില്‍

By Web Team  |  First Published Feb 11, 2024, 8:39 PM IST

ലേക്സൈഡ് ഹാബിറ്ററ്റ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ഡിസംബര്‍ 28-ാം തീയതി രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.


ബംഗളൂരു: ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ദേബാശിഷ് സിന്‍ഹ, വൈസ് പ്രസിഡന്റ് ജാവേദ് സഫീഖ് റാവു, നീന്തല്‍ കുളത്തിന്റെ കരാറുകാരന്‍ സുരേഷ് ബാബു, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍മാരായ സന്തോഷ് മഹാറാണ, ഗോവിന്ദ് മണ്ഡല്‍, ബികാസ് കുമാര്‍ ഫരീദ, ഭക്ത ചരണ്‍ പ്രധാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന വര്‍ത്തൂര്‍ പൊലീസ് അറിയിച്ചു.

വര്‍ത്തൂരിലെ ലേക്സൈഡ് ഹാബിറ്ററ്റ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ഡിസംബര്‍ 28-ാം തീയതി രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. രാജേഷ് കുമാര്‍ ദമെര്‍ലയുടെ മകളായ മന്യയാണ് (9) മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന മന്യ നീന്തല്‍ക്കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുമ്പോള്‍, പൂളിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി. 

Latest Videos

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടിയൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍, ഫെബ്രുവരി എട്ടിന് രാജേഷ് കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യുട്ടിനെ കുറിച്ച് ഫ്‌ളാറ്റിലെ ഉത്തരവാദിത്വപ്പെട്ടവരോടും മെയിന്റനന്‍സ് ജീവനക്കാരോടും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. ഇവരുടെ അശ്രദ്ധയാണ് മകള്‍ മരിച്ചതിന്റെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. തുടര്‍ന്നാണ് ഫ്‌ളാറ്റ് പ്രസിഡന്റ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. പൂളിലേക്ക് വീണ മകള്‍ക്ക് വൈദ്യുതാഘാതമേറ്റപ്പോള്‍, അവളെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും ഷോക്കേറ്റിരുന്നു. തുടര്‍ന്ന് സുരക്ഷ ജീവനക്കാരന്‍ എത്തി വൈദ്യുതി ബന്ധം ഓഫാക്കിയ ശേഷമാണ് മകളെ പൂളില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും രാജേഷ് പറയുന്നു.

ആ വൈറല്‍ റീല്‍: 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി, വീഡിയോ 
 

click me!