ഇതര സംസ്ഥാനങ്ങളിലെ തൊഴിലുടമകള്‍ തങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറാണെന്നും കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
കൊല്‍ക്കത്ത: ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളിലെ തൊഴിലാളികള്‍ തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് രംഗത്ത്. മറ്റ് സംസ്ഥാനങ്ങളിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി തൊഴിലാളികള്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ എത്തി. ആയിരങ്ങളാണ് സര്‍ട്ടിഫിക്കറ്റിനായി എത്തിയത്. മുര്‍ഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ബംഗാളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളില്‍ വലിയ വിഭാഗം മുര്‍ഷിദാബാദില്‍നിന്നാണ്. കേരളത്തിലടക്കം ലക്ഷക്കണക്കിന് ബംഗാള്‍ സ്വദേശികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇതര സംസ്ഥാനങ്ങളിലെ തൊഴിലുടമകള്‍ തങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറാണെന്നും കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മുര്‍ഷിദാബാദില്‍ 126 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണമുള്ളവരുടെ സ്രവം പരിശോധനക്കയച്ചു. അറുപതോളം തൊഴിലാളികള്‍ പ്രത്യേക ബസ് ഏര്‍പ്പാടാക്കി ഒഡിഷയിലേക്ക് തിരിച്ചു.
'കേരളത്തില്‍ എനിക്ക് 800 രൂപ കൂലി ലഭിക്കുന്നു. അതേ ജോലിക്ക് ഇവിടെ 200 രൂപയും. എത്രയും വേഗം എനിക്ക് അവിടെയെത്തണം'-ഹക്കീംപുരയിലെ ജെഫിക്കുര്‍ ഷെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. സൂറത്ത് വ്യാവസായ മേഖലയില്‍ ജോലി ചെയ്യുന്നവരും തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങി വരണമെന്ന് നിരവധി തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി തടയുകയാണെന്നും അതേസമയം, സംസ്ഥാനത്ത് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചു. കൊവിഡ് നിയന്ത്രണ വിധേയമായതിനാലാണ് തൊഴിലാളികള്‍ തിരിച്ചുപോകാന്‍ തുടങ്ങുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്.