അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ മരിച്ചത് 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'; ബംഗാള്‍ ബിജെപി അധ്യക്ഷന്‍

By Web Team  |  First Published May 29, 2020, 10:50 AM IST

ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു. 


കൊൽക്കത്ത: നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ ശ്രമിക്ക് സ്‌പെഷ്യല്‍ ട്രെയിനില്‍ മരിച്ച സംഭവം നിസാരവത്കരിച്ച്‌ ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷനും എംപിയുമായ ദിലീപ് ഘോഷ്. 'ചെറുതും ഒറ്റപ്പെട്ടതുമായ സംഭവം'എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. 

'നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പേരില്‍ റെയില്‍വേയെ കുറ്റം പറയാന്‍ കഴിയില്ല. കുടിയേറ്റക്കാരെ കൊണ്ടുപോകാന്‍ അവര്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ചില മരണങ്ങള്‍ നടന്നിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. യാത്രക്കാര്‍ക്ക് വേണ്ടി റെയില്‍വേ ചെയ്യുന്ന സേവനങ്ങളുടെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ പക്കലുണ്ട്. നിസാരമായ ചില സംഭവങ്ങള്‍ നടന്നതിന്റെ പേരില്‍ റെയില്‍വേയെ താഴ്ത്തി കാണിക്കാന്‍ കഴിയില്ല' ദിലീപ് ഘോഷ് പറഞ്ഞു.

Latest Videos

അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ബിജെപി കുറച്ചുകൂടി പക്വത കാണിക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടു. 

ലോക്ക്ഡൗണും കൊവിഡ് പ്രശ്‌നവും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ചയുടെ ഫലമാണ് അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്നത്. നിരവധി പേര്‍ മരിച്ചുവീഴുന്നു. ബിജെപി നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഞങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് ദിലീപ് ഘോഷ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്ന് ടിഎംസി നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു. ബി.ജെ.പിയുടെ ഭരണകാലത്ത് എല്ലാം നന്നായി മാത്രമേ സംഭവിക്കൂവെന്ന ചിന്തയാണ് ദിലീപ് ഘോഷിനെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. 

click me!