ഒരു ക്വിന്‍റല്‍ അരി, ഒപ്പം വസ്ത്രവും പണവും; ഭിക്ഷാടനത്തിലൂടെ നേടിയത് ദുരിതം അനുഭവിക്കുന്നവർക്ക് നൽകിയ മാതൃക

By Web Team  |  First Published May 21, 2020, 9:22 PM IST

സുഖ്മതിയെ അഭിനന്ദിച്ചുകൊണ്ട് ബിലാസ്പൂർ ജില്ലാ കളക്ടർ ഡോ. സഞ്ജയ് അലംഗും രം​ഗത്തെത്തി. സഹായവുമായി മുന്നോട്ട് വരാൻ സുഖ്മതിയുടെ പ്രവൃത്തി ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


റായ്പൂർ: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ദുരിതത്തിലായത്. പലർക്കും ജോലികൾ നഷ്ടപ്പെട്ടു. ശമ്പളവും ആഹാരവും ഇല്ലാതായതോടെ അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാനും തുടങ്ങി. എന്നാൽ, ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി നി​രവധി പേരാണ് ഓരോ ദിവസവും രം​ഗത്തെത്തുന്നത്. അത്തരത്തിൽ ഉള്ളതിൽ പങ്ക് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി നൽകുകയാണ് ഒരു ഭിക്ഷാടക.

സുഖ്മതി മാണിക്പുരി എന്ന 72കാരിയാണ് ഭിക്ഷ യാചിച്ച് ലഭിച്ചതിൽ പങ്ക് കൊവിഡിൽ ദുരിതമനുഭവിക്കുന്ന ആവശ്യക്കാർക്ക് നൽകി മാതൃക ആയത്. 1 ക്വിന്റൽ അരി, സാരികൾ തുടങ്ങിയവയാണ് ഇവർ ആളുകൾക്ക് നൽകിയത്. ഇതോടൊപ്പം ആവശ്യക്കാർക്ക് തന്നാൽ കഴിയുന്ന രീതിയിൽ സാമ്പത്തിക സഹായവും സുഖ്മതി ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിനിയാണ് സുഖ്മതി. 

Latest Videos

“ലോക്ക്ഡൗണിനിടയിലെ ദരിദ്രരുടെ വേദനയ്ക്ക് ഞാൻ സാക്ഷിയാണ്. ഭിക്ഷാടനത്തിലൂടെ സ്വരൂപിച്ച സമ്പാദ്യം മുനിസിപ്പൽ കോർപ്പറേഷനിലെ അധിക‍ൃതർ വഴി ആവശ്യക്കാർക്ക് നൽകി. ഈ പ്രതിസന്ധി ഘട്ടത്തിൽ നാം പരസ്പരം സഹായിക്കണം. പട്ടിണിയുടെ വേദന എന്താണെന്ന് എനിക്കറിയാം. നിസ്സഹായരായ ആളുകൾക്ക് വേണ്ടി എന്നാൽ കഴിയുന്നത് ചെയ്യാൻ ഞാൻ കൂടുതൽ പരിശ്രമിച്ചു. ആരും പട്ടിണി കിടക്കരുത് “സുഖ്മതി പറയുന്നു.

12 വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സുഖ്മതി ഭിക്ഷാടനത്തിന് ഇറങ്ങിയതെന്ന് ന്യൂ ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സുഖ്മതിയെ അഭിനന്ദിച്ചുകൊണ്ട് ബിലാസ്പൂർ ജില്ലാ കളക്ടർ ഡോ. സഞ്ജയ് അലംഗും രംഗത്തെത്തി. സഹായവുമായി മുന്നോട്ട് വരാൻ സുഖ്മതിയുടെ പ്രവൃത്തി ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

click me!