
ലഖ്നൌ: ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടിച്ച കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കാനറ ബാങ്കിലെ ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ ബാങ്ക് ജീവനക്കാരൻ മോഷ്ടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഉത്തർപ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വസ്ത്രത്തിൽ പണക്കെട്ടുകൾ ഒളിപ്പിച്ച് കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അഭിനവ് സക്‌സേന എന്ന ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. യുപിയിലെ റാംപൂർ സ്വദേശിയാണ് അഭിനവ് സക്‌സേന. കനറാ ബാങ്കിന്‍റെ മഥുര ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്.
പ്രതിമാസ ഭണ്ഡാര എണ്ണിത്തിട്ടപ്പെടുത്തലിനിടെയാണ് അഭിനവ് സക്‌സേന പിടിയിലായതെന്ന് സർക്കിൾ ഓഫീസർ സന്ദീപ് കുമാർ പറഞ്ഞു. അഭിനവ് 500 രൂപ, 200 രൂപ നോട്ടുകെട്ടുകൾ എടുത്ത് ഒളിപ്പിക്കുന്നത് ക്ഷേത്ര സുരക്ഷാ ജീവനക്കാരുടെ കണ്ണിൽപ്പെട്ടു. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാളെ പരിശോധിച്ചപ്പോൾ 1,28,600 രൂപ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ പല ദിവസങ്ങളിലായി 8,55,300 രൂപ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ബാങ്ക് ജീവനക്കാരൻ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. മഥുരയിലെ അശോക സിറ്റിയിലെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തു. ക്ഷേത്ര മാനേജർ മുനീഷ് കുമാർ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിനവിനെ ജില്ലാ ജയിലിലടച്ചു.
അഭിനവ് സക്സേനയെ കാനറ ബാങ്ക് സസ്പെൻഡ് ചെയ്തു. ഇയാൾ 2020 മുതൽ 2024 വരെ വൃന്ദാവൻ ശാഖയിൽ പ്രവർത്തിച്ചിരുന്നുവെന്നും പിന്നീട് മഥുരയിലേക്ക് സ്ഥലം മാറ്റപ്പെട്ടതാണെന്നും വൃന്ദാവൻ ബ്രാഞ്ച് മാനേജർ മോഹിത് കുമാർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam