രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും; ജൂലൈ 15 വരെ തുടങ്ങില്ല

By Web Team  |  First Published Jun 26, 2020, 5:30 PM IST

നേരത്തെ ജൂലൈ ആദ്യവാരം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.എന്നാല്‍, ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ, ജൂലൈ ആദ്യവാരം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Latest Videos

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഉടനില്ലെന്ന് റെയിൽവേ ഇന്നലെ അറിയിച്ചിരുന്നു. സാധാരണ നിലയുള്ള ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ റദ്ദാക്കി കൊണ്ടാണ് റെയിൽവേ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. അതേസമയം, നിലവിലുള്ള പ്രത്യേക തീവണ്ടികളും രാജധാനി എക്സ്പ്രസുകളും അതുവരെ സർവീസുകൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു. 230 പ്രത്യേക ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവീസുകൾ നടത്തുന്നത്. ഓഗസ്റ്റ് 12 വരെ സാധാരണ സർവീസുകൾക്കായി നേരത്തെ ബുക്ക് ചെയ്തവർക്ക് പണം  തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.

 

click me!