അമ്മയ്ക്കൊപ്പം കുട്ടിയാനയെ അയക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിക്ക് താവളമൊരുക്കിയത്.
കോയമ്പത്തൂർ: അമ്മ ഉപേക്ഷിച്ച കുട്ടിയാനയെ മുതുമല കടുവാ സങ്കേതത്തിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയ്ക്കൊപ്പം കുട്ടിയാനയെ അയക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ്, കോയമ്പത്തൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിക്ക് താവളമൊരുക്കിയത്.
മരുദാമലയിലെ വനമേഖലയിൽ അവശയായ അമ്മയാനയ്ക്കൊപ്പമാണ് ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. മൂന്ന് മാസമാണ് ആനക്കുട്ടിയുടെ പ്രായം. നിലത്ത് വീണുകിടക്കുകയായിരുന്ന ആനയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ചികിത്സ നൽകി. മൂന്ന് ദിവസത്തെ ചികിത്സയിലൂടെ അമ്മയാനയുടെ ആരോഗ്യം മെച്ചപ്പെട്ടു. തുടർന്ന് ഇരുവരെയും കാട്ടിലേക്ക് അയച്ചു.
കഴിഞ്ഞയാഴ്ച വിരാലിയൂർ ഭാഗത്തെ തോട്ടത്തിൽ ആനക്കുട്ടിയെ ഒറ്റയ്ക്ക് കണ്ടെത്തിയ വനപാലക സംഘം, ജീപ്പിൽ മരുദാമലയുടെ താഴ്‌വരയിലേക്ക് കൊണ്ടുപോയി. അമ്മയെ കണ്ടെത്തി ഇരുവരെയും ഒന്നിപ്പിക്കാനായിരുന്നു തീരുമാനം. വനം വകുപ്പിലെ 30-ലധികം ജീവനക്കാരുടെ സംഘം ആനക്കുട്ടിയെ അമ്മയുടെ അടുത്തേക്ക് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ അമ്മയാന കുഞ്ഞിനെ കണ്ടിട്ടും കൂടെക്കൊണ്ടുപോവാൻ തയ്യാറായില്ല.
തുടർന്ന് അനാഥനായ ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആത്തുക്കാട് വനമേഖലയിൽ എത്തിച്ചു. എന്നാൽ അവിടെയുള്ള മറ്റ് ആനകള്‍ക്കൊപ്പം ചേരാൻ ആനക്കുട്ടി വിസമ്മതിച്ചു. ഇതോടെ ഭക്ഷണവും പരിചരണവും നൽകി ആനക്കുട്ടിയെ നീലഗിരി ജില്ലയിലെ മുതുമല ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.