മുൻകരുതൽ നടപടിയുടെ ഭാഗമാണ് തീരുമാനമെന്നും കർണാടക മുഖ്യമന്ത്രി വിശദീകരിക്കുന്നു. സംസ്ഥാനത്തിന് മറ്റ് മുൻവിധികളില്ല. കേരളവുമായുളള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദിയൂരപ്പ.
മംഗളൂരു: കാസര്‍കോട്-മംഗളൂരു അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അതിർത്തി അടച്ചത് മുൻകരുതൽ നടപടി മാത്രമാണെന്നും കാസർകോട് നിന്നുളള രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച കത്തിലാണ് പ്രതികരണം.
ഇതാദ്യമായാണ് അതിർത്തി അടച്ച വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. എന്നാൽ, നിലപാട് മയപ്പെടുത്തുന്നതിന്‍റെയോ തീരുമാനം മാറ്റാൻ ഉദ്ദേശിക്കുന്നതിന്‍റെയോ സൂചനയൊന്നും ഇല്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എച്ച് ഡി ദേവഗൗഡയുടെ ഇടപെടൽ തേടിയിരുന്നു. മാനുഷിക പരിഗണനവച്ച് രോഗികളെ കടത്തിവിടാനുളള നടപടിയുണ്ടാവണമെന്ന് ദേവഗൗഡ യെദിയൂരപ്പയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ബുദ്ധിമുട്ടാണെന്നാണ് മറുപടി. അതിർത്തി തുറക്കുകയെന്നാൽ ദുരന്തത്തിന് വഴിതുറക്കലാണെന്ന് യെദിയൂരപ്പ പറയുന്നു.
കാസർകോട് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത മേഖലയാണ്. ഇവിടെ നിന്നുളള രോഗികളിൽ കൊവിഡ് ഉളളവർ ഉണ്ടോ എന്ന് തിരിച്ചറിയുക കർണാടകത്തിന് പ്രയാസമാണ്. മുൻകരുതൽ നടപടിയുടെ ഭാഗമാണ് തീരുമാനമെന്നും കർണാടക മുഖ്യമന്ത്രി വിശദീകരിക്കുന്നു. സംസ്ഥാനത്തിന് മറ്റ് മുൻവിധികളില്ല. കേരളവുമായുളള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദിയൂരപ്പ മറുപടി നൽകി. അതിർത്തി വിഷയം കർണാടക ബിജെപി മുഖ്യമന്ത്രി പിണറായി വിജയനെതിരെയുളള പ്രചാരണമായി മാറ്റിയപ്പോഴും യെദിയൂരപ്പ പ്രതികരിച്ചിരുന്നില്ല. ദക്ഷിണ കന്നഡയിലെ പ്രാദേശിക വികാരത്തോടൊപ്പമാണ് താനുമെന്ന് യെദിയൂരപ്പ വ്യക്തമാക്കുന്നു.
അതിനിടെ, കർണാടകത്തിൽ ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും അടച്ചിടും. ഐടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. തിയറ്ററുകളും മാളുകളും പബുകളുമെല്ലാം അടച്ചിടുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.