ശൈശവ വിവാഹത്തെ പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് മാസം 2500 രൂപ വരെ സ്റ്റൈപൻഡ്; പദ്ധതി പ്രഖ്യാപിച്ച് അസം സർക്കാർ

By Web Team  |  First Published Jun 12, 2024, 4:30 PM IST

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1000 രൂപ വീതവും ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1250 രൂപ വീതവും പി.ജി ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് മാസം 2500 രൂപ വീതവുമാണ് സ്റ്റൈപെൻഡ് ലഭിക്കുക


ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാൻ സ്റ്റൈപെൻഡ് പദ്ധതിയുമായി  അസം സർക്കാർ. പ്ലസ് വൺ മുതൽ പിജി വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സംസ്ഥാന സർക്കാർ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. 'മുഖ്യമന്ത്രി നിജുത് മൊയ്‌ന' എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നൽകുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 5000 ത്തോളം പേരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അസമിൽ അറസ്റ്റ് ചെയ്തെന്നു കണക്കുകൾ. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷം പെൺകുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞേക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ  ശർമ്മ വാർത്താ സമ്മേളനത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 1500 കോടി രൂപയാണ് പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് കണക്കാക്കുന്ന ചിലവ്. ഏതാണ്ട് 10 ലക്ഷം പെൺകുട്ടികൾക്ക് ഗുണം ലഭിക്കും.

Latest Videos

undefined

പി.ജി ക്ലാസുകൾക്ക് മുമ്പ് വിവാഹിതരാവുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളിൽ വിവാഹിതർക്കും സ്റ്റൈപെൻഡിന് അർഹതയുണ്ടാവും. പെൺകുട്ടികളുടെ വിവാഹം വൈകിപ്പിക്കാനും അതുവഴി അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാനും, തനിക്കും കുടുംബത്തിനും വേണ്ടി സമ്പാദിക്കാൻ അവരെ പ്രാപ്തമാക്കുകയും മാത്രമാണ് പദ്ധതിയുടെ ഒരേയൊരു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1000 രൂപ വീതവും ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്നവർക്ക് മാസം 1250 രൂപ വീതവും പി.ജി ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് മാസം 2500 രൂപ വീതവുമാണ് സ്റ്റൈപെൻഡ് ലഭിക്കുക. മന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും മക്കളെയും സ്വകാര്യ കോളേജുകളിൽ പഠിക്കുന്നവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കും. മറ്റുള്ളവർക്കെല്ലാം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ സ്റ്റൈപെൻഡ് നൽകും. സംസ്ഥാനത്ത് വേനൽ അവധിക്കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ പണം ലഭിക്കില്ല. വർഷം 10 തവണകളായി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!