Chinese Incursion | അരുണാചലിൽ ചൈന ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ

By Web Team  |  First Published Nov 7, 2021, 9:57 AM IST

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. അരുണാചൽ പ്രദേശിൽ തർക്കസ്ഥലത്ത് ചൈനീസ് സേന ഒരു ഗ്രാമം തന്നെ പണിതെന്നാണ് പെൻ്റഗൺ വാർഷിക റിപ്പോർട്ട്. 


ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം (Chinese Incursion) സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. ചൈന ഗ്രാമം (Chinese Village) ഉണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് അരുണാചൽ സർക്കാർ (Arunachal Pradesh). ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

അരുണാചൽ പ്രദേശിൽ ഈ മേഖല നിരീക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഡിജെ ബോറയാണ് ചൈനീസ് അധിനിവേശം സ്ഥിരീകരിച്ചു. ഗ്രാമം ചൈനീസ് സേനയുടെ കൈയ്യിലാണെന്നും വീടുകളിൽ സൈനികരാണ് താമസിക്കുന്നതെന്നും ഡിജെ ബോറ പറയുന്നു. ഗ്രാമം നിർമ്മിച്ച ചൈന ഇത് സേന ക്യാമ്പാക്കി മാറ്റി എന്നാണ് വെളിപ്പെടുത്തൽ.

Latest Videos

ഈ ഗ്രാമം നിർമ്മിച്ചിട്ട് വർഷങ്ങളായെന്നും ഉദ്യോഗസ്ഥൻ പറയുന്നു. യഥാർത്ഥ നിയന്ത്രണരേഖയിൽ മറ്റൊരു മേഖലയിലും ചൈനീസ് കടന്നുകയറ്റം അടുത്തിടെ സംഘർഷസ്ഥിതി ഉണ്ടാക്കിയിരുന്നു. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് കോൺഗ്രസ് സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. കടന്നുകയറ്റം ഇല്ലെന്ന് പറഞ്ഞിരുന്ന സർക്കാർ ഇനിയെങ്കിലും സത്യം വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചൈനീസ് സേന സ്ഥിരം താവളങ്ങൾ നിർമ്മിച്ച് അവകാശവാദം ഉന്നയിക്കുന്നു എന്ന പെൻ്റഗൺ നിരീക്ഷണം ശരിവയ്ക്കുന്നതാണ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ കാര്യങ്ങൾ. കേന്ദ്രസർക്കാർ ഇപ്പോഴത്തെ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.  

ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി അമേരിക്കയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്.  പെൻ്റഗൺ വാർഷിക റിപ്പോർട്ടിലായിരുന്നു ചൈനീസ് അധിനിവേശത്തെക്കുറിച്ചുള്ള പരാമർശം. 

നൂറ് വീടുകളുള്ള ഗ്രാമം!

തർക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ഇത് ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമാണെന്ന് പെൻ്റഗൺ പറയുന്നു. ഇന്ത്യയും ചൈനയും വൻ സൈനിക സന്നാഹം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും തുടരുന്നതിലെ ആശങ്കയും റിപ്പോർട്ട് പ്രകടിപ്പിക്കുന്നു. അതിർത്തിയിലെ  തർക്കം ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ചേർന്ന കമാൻഡർതല ചർച്ച വിജയിച്ചിരുന്നില്ല. ചൈന പിൻമാറ്റത്തിന് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോൾ വഴിമുട്ടി നിൽക്കുകയാണ്. 

50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാർത്ഥ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്. 

അമേരിക്കൻ വിലയിരുത്തൽ

ഇരുരാജ്യങ്ങൾക്കുമിടയിലെ സമാധാനശ്രമം ഇഴഞ്ഞു നീങ്ങുന്നു എന്നാണ് അമേരിക്കൻ വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ ഗൽവാനിൽ നടന്ന ഇന്ത്യ ചൈന സംഘർഷത്തിനു ശേഷം യഥാർത്ഥനിയന്ത്രണ രേഖയിലെ സ്ഥിതി അതേപടി തുടരുന്നു എന്ന സൂചനയാണ് പെൻ്റഗൺ റിപ്പോർട്ടിലുള്ളത്. ചൈന കൂടുതൽ നടപടികളിലൂടെ തർക്കസ്ഥലത്തിൽ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 

കഴിഞ്ഞ വർഷം സെപ്തംബറിൽ ചൈനീസ് സേന പാങ്കോംഗ് തീരത്ത് ആകാശത്തേക്ക് വെടിയുതിർത്തു എന്നും പതിറ്റാണ്ടുകൾക്ക് ശേഷമാണ് വെടിവയ്പ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം മുന്നറിയിപ്പ് നൽകാൻ ആകാശത്തേക്ക് വെടിവച്ചു എന്നതും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. 

click me!