'സുശീൽ കുമാർ, സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി', ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീതി പരത്താനെന്ന് പൊലീസ്

By Web Team  |  First Published May 24, 2021, 10:00 AM IST

സുശീലും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാ​ഗർ കുമാറിനെ മൃ​ഗത്തെയെന്നപോലെ മർദ്ദിച്ചു. ​ഗുസ്തി താരങ്ങൾക്കിടയിൽ ഭയം വളർത്തുകയായിരുന്നു പിന്നിലെ ലക്ഷ്യമെന്നും പൊലീസ്...


ദില്ലി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാ‍ർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ദില്ലി പൊലീസ്. ​ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറർഞ്ഞു. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

സുഹൃത്തിന്റെ സഹായത്തോടെയാണ് സുശീൽ കുമാ‍ർ ദൃശ്യങ്ങൾ പകർത്തിയത്. സുശീലും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാ​ഗർ കുമാറിനെ മൃ​ഗത്തെയെന്നപോലെ മർദ്ദിച്ചു. ​ഗുസ്തി താരങ്ങൾക്കിടയിൽ ഭയം വളർത്തുകയായിരുന്നു പിന്നിലെ ലക്ഷ്യമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. 

Latest Videos

കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!