ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി; സൈനിക ഡോക്ടർക്ക് നഷ്ടമായത് 1.2 കോടി, സംഭവം ഇങ്ങനെ

By Web Team  |  First Published Sep 11, 2024, 4:34 PM IST

ഡോക്ടറുടെ ഓരോ ഇടപാടും പ്ലാറ്റ്‌ഫോമിലെ നിക്ഷേപമായി തെറ്റിധരിപ്പിച്ചാണ് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. 


പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ വൻ നിക്ഷേപ തട്ടിപ്പ്. ഒരു സൈനിക ഡോക്ടറാണ് ഇത്തരത്തിലുള്ള തട്ടിപ്പിൻ്റെ ഏറ്റവും പുതിയ ഇരയായിരിക്കുന്നത്. 1.2 കോടി രൂപയാണ് ഡോക്ടർക്ക് നഷ്ടമായത്. ജൂലൈ പകുതിയോടെ ലഭിച്ച ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് അഡ്മിൻമാർ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന വരുമാനം നേടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പിൽ വിശ്വാസമർപ്പിച്ച ഡോക്ടർ ഏറെ വൈകിയാണ് താൻ തട്ടിപ്പിന് ഇരയായെന്ന വിവരം തിരിച്ചറിഞ്ഞത്. 

ഒരു ദിവസം ഡോക്ടർ ഒരു ട്രേഡിംഗ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ നിർബന്ധിതനായി. പിന്നീട് വിവിധ ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യിച്ചു. ഏകദേശം 40 ദിവസത്തിനുള്ളിൽ ഡോക്ടർ 1.22 കോടി രൂപയുടെ 35 ഇടപാടുകൾ നടത്തി. ഡോക്ടറുടെ ഓരോ ഇടപാടും പ്ലാറ്റ്‌ഫോമിലെ നിക്ഷേപമായാണ് കാണിച്ചത്. മൊത്തം വരുമാനം 10.26 കോടി രൂപയിൽ എത്തിയെന്നും ഡോക്ടറെ വിശ്വസിപ്പിച്ചു. മിക്ക തട്ടിപ്പുകളിലും സംഭവിക്കുന്നത് പോലെ തന്നെ ഈ പണം പിൻവലിക്കാൻ ഡോക്ടർ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ 5 ശതമാനം തുക ഫീസ് ആവശ്യപ്പെട്ടു. ഇത് ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളിൽ വരും. തുക നൽകാൻ വിസമ്മതിച്ചപ്പോൾ സമ്പാദ്യം ഫ്രീസ് ചെയ്യുമെന്ന ഭീഷണിയും ലഭിച്ചു. 

Latest Videos

undefined

ഇടപാടുകളിൽ സംശയം തോന്നിയ ഡോക്ടർ പ്ലാറ്റ്ഫോമിന്റെ വിലാസം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിലെ ഒരു വിലാസമാണ് ലഭിച്ചത്. ഇത് പരിശോധിച്ചതോടെ സംഭവം തട്ടിപ്പാണെന്ന് ഡോക്ടർ മനസിലാക്കി. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ വഴി പരാതി നൽകുകയും പൂനെ സിറ്റി പൊലീസിൻ്റെ സൈബർ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.  

READ MORE: ഗുജറാത്തിൽ അജ്ഞാത രോഗം പടരുന്നു; പനിയ്ക്ക് സമാനം, മരണം 15 ആയി

click me!