അധികൃതരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനേയും വിലക്കിയിട്ടുണ്ട്.
ദില്ലി: ഉത്തർപ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്ന് വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകൾ താമസിക്കുന്ന ടെൻ്റുകൾക്ക് തീപിടിച്ചത്. സെക്ടർ 22 ൽ 15 ടെൻ്റുകൾ കത്തിനശിച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സെക്ടർ,19ലും 20ലും ആഴ്ച്ചകൾക്ക് മുമ്പ് തീപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിന് ശേഷമാണ് ഇന്ന് തീപിടുത്തമുണ്ടായത്. നിലവിൽ തീണയച്ചിട്ടുണ്ട്. അധികൃതരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനേയും വിലക്കിയിട്ടുണ്ട്. അതേസമയം, തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ യുപി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ അപകട സ്ഥലത്തെത്തി പരിശോധന നടത്തി.
കമ്മീഷൻ അംഗങ്ങൾ വ്യാഴാഴ്ച ലഖ്‌നൗവിലെ ജൻപഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് ഹർഷ് കുമാർ ചെയർമാനായ സമിതിയിൽ റിട്ട. ഐഎഎസ് ഡി.കെ. സിംഗ്, റിട്ട. ഐപിഎസ് വി.കെ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) ഹർഷ് കുമാർ പറഞ്ഞു.
മൗനി അമാവാസി സ്നാന ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൻ്റെ കാരണം അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് തിക്കും തിരക്കും ഉണ്ടാകാനിടയായ കാരണങ്ങളും സാഹചര്യങ്ങളും പരിശോധിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശുപാർശകൾ നൽകാനും ജുഡീഷ്യൽ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിഷൻ രൂപീകരിച്ച് ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
https://www.youtube.com/watch?v=Ko18SgceYX8