ആന്ധ്രയിൽ ജഗൻ യുഗത്തിന് അന്ത്യം; ജഗൻ സത്യപ്രതിജ്ഞ തീരുമാനിച്ച അതേ ദിനത്തിൽ അധികാരമേൽക്കാൻ ചന്ദ്രബാബു നായിഡു

By Web Team  |  First Published Jun 4, 2024, 1:24 PM IST

ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻതിരിച്ചുവരവാണ് നടത്തിയത്.


അമരാവതി: ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻതിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ജൂണ്‍ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു. 

175 സീറ്റുകളിൽ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്. വൈഎസ്ആർ 25ൽ താഴെ സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളൂ. പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. 

Latest Videos

undefined

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. വൈഎസ്ആർസിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. പവൻ കല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിച്ചു.

അതിനിടെ ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ശരിവെച്ച്  ബിജെപി വലിയ മുന്നേറ്റം നടത്തി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിജെഡി 59 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.

ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കൂടി മതിയെങ്കിലും കോണ്‍ഗ്രസിന്‍റെ 13 സീറ്റുകളും സിപിഎമ്മിന്‍റെ ഒരു സീറ്റും സ്വതന്ത്രരുടെ രണ്ട് സീറ്റുകളും ചേര്‍ത്താല്‍ ബിജെഡിക്ക് 75 സീറ്റുകളിലെത്താനാവും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായാല്‍ സംസ്ഥാനത്ത് ബിജെഡിക്ക് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്യാന്‍ സാധ്യതതയുണ്ട്. സിപിഎമ്മിന്‍റെയും സ്വതന്ത്രരുടെയും പിന്തുണയോടെ നവീന്‍ പട്നായിക്ക് ഇത്തവണയും ഭരണം നിലനിര്‍ത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

കെജ്‍രിവാൾ തരംഗമില്ല, കനയ്യ കുമാർ പിന്നിൽ; ദില്ലിയിൽ ഏഴിൽ ഏഴിലും ബിജെപിക്ക് ലീഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!