ഉംപുൺ: ബം​ഗാളിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മമതാ ബാനർജി

By Web Team  |  First Published May 20, 2020, 11:19 PM IST

ബം​ഗാളിൽ ഉംപുൺ മൂലം മരണം മൂന്നായി. ഹൗറയിൽ രണ്ടു പേരും 24 പർ​ഗനസിൽ ഒരാളുമാണ് മരിച്ചത്.


കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമ ബം​ഗാളിലെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതി​ഗതികൾ വിലയിരുത്തുകയാണ് മമത.  ബം​ഗാളിൽ ഉംപുൺ മൂലം മരണം മൂന്നായി. ഹൗറയിൽ രണ്ടു പേരും 24 പർ​ഗനസിൽ ഒരാളുമാണ് മരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് അഞ്ച്  ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. കൊൽക്കൊത്തയിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അതീവ ജാ​ഗ്രതയുടെ ഭാ​ഗമായി കൊൽക്കത്തിയലെ മേൽപ്പാലങ്ങൾ അടച്ചിരിക്കുകയാണ്. നാളെ രാവിലെ 5 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.
ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

Latest Videos

ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു.  ‍ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബം​ഗാളിലും ഒഡീഷയിലുമായുള്ളത്.  രക്ഷാ പ്രവർത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്. 
 

click me!