അമർനാഥിലെ മേഘവിസ്ഫോടനം: മരണം 16, കാണാതായ 41 പേരിൽ ചിലരെ കണ്ടെത്തി: തീർത്ഥയാത്ര ഉടൻ പുനരാരംഭിക്കും

By Web Team  |  First Published Jul 9, 2022, 6:09 PM IST

വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രളയമുണ്ടായ അമർനാഥ് ക്ഷേത്രത്തിന് സമീപം തെരച്ചില്‍ നടക്കുന്നത്. കാണാതായ തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്താൻ രക്ഷാപ്രവർത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്


ദില്ലി: അമർനാഥ് പ്രളയത്തില്‍ മരണം പതിനാറായി. കാണാതായ 41 തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്തിയതായി സിആര്‍പിഎഫ് അറിയിച്ചു. തീർത്ഥ യാത്ര ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുനരാംരഭിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി

വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രളയമുണ്ടായ അമർനാഥ് ക്ഷേത്രത്തിന് സമീപം തെരച്ചില്‍ നടക്കുന്നത്. കാണാതായ തീര്‍ത്ഥാടകരില്‍ ചിലരെ കണ്ടെത്താൻ രക്ഷാപ്രവർത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വ്യോമ മാര്‍ഗം ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 35 പേർ ഇന്ന് ആശുപത്രി വിട്ടു. 

Latest Videos

പതിനേഴ് പേർ കൂടി ഉടന്‍ ആശുപത്രി വിടും. പരിക്കേറ്റവരെ ജമ്മുകശ്മീര്‍ ലെഫ് ഗവർണർ മനോജ് സിൻഹ ആശുപത്രിയില്‍ എത്തി കണ്ടു. മണ്ണിനടിയില്‍ പുത‌ഞ്ഞുപോയ രണ്ട് പേരെ രക്ഷാപ്രവർത്തകര്‍ക്ക് ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാഹചര്യം മെച്ചപ്പെട്ടതിനാല്‍ അമർനാഥ് തീർത്ഥാടനം രണ്ടോ മൂന്നോ ദിവത്തിനുള്ളില്‍ തുടങ്ങാനാകുമെന്ന് സി ആർ പി എഫ് ഡയറക്ടർ ജനറല്‍ കുല്‍ദീപ് സിങ് അറിയിച്ചു.

പ്രളയമുണ്ടായതിന് പിന്നാലെ പുറത്ത് കടക്കാന്‍ വലിയ തിരക്കുണ്ടായെങ്കിലും രക്ഷാപ്രവർത്തകരുടെ സഹായം ലഭിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്ന് നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. അപകടരമായ സ്ഥലത്ത് ടെന്‍റുകള്‍ അനുവദിക്കപ്പെട്ടതിൽ അന്വേഷണം വേണം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായ ധനം പ്രഖ്യാപിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഇതിനിടെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ‍ിലെ കേദാർനാഥ് യാത്രയും നിര്‍ത്തിവെച്ചു.

click me!