ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും ഡ്രൈ റൺ നടക്കുക. ഡമ്മി കൊവിഡ് വാക്സിനുകൾ ഇതിൽ പങ്കെടുക്കുന്നവർക്ക് എത്തിക്കുന്ന പ്രക്രിയ, നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ്.
ദില്ലി: പുതുവർഷത്തിലെങ്കിലും രാജ്യത്ത് നിന്ന് കൊവിഡെന്ന മഹാമാരി വിട്ടൊഴിയുമോ? രാജ്യത്തെ അതിവിപുലമായ വാക്സിൻ വിതരണസമ്പ്രദായം കുറ്റമറ്റതാക്കുന്നതിന്‍റെ മുന്നോടിയായി കേന്ദ്രസർക്കാർ നടത്തുന്ന ഡ്രൈറൺ ജനുവരി 2-ന് നടക്കും. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിൻ ഡ്രൈ റൺ നടക്കുക. ഇതിന്‍റെ പ്രക്രിയ തീരുമാനിക്കുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം നടന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വാക്സിന് അനുമതി സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള വിദഗ്ധ സമിതി യോഗം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കും.
ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്‍റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നും, തടസ്സങ്ങളുണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഡമ്മി കൊവിഡ് വാക്സിനുകൾ ഇതിൽ പങ്കെടുക്കുന്നവർക്ക് എത്തിക്കുന്ന പ്രക്രിയ, നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ്.
undefined
രണ്ട് ദിവസത്തെ വാക്സിൻ വിതരണത്തിനുള്ള മോക്ക് ഡ്രിൽ എന്ന് വിളിക്കാവുന്ന ഡ്രൈ റൺ വിജയം കണ്ടതിലൂടെ, രാജ്യം വാക്സിൻ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രാലയം പറയുന്നു. ഡ്രൈ റൺ നടന്ന നാല് സംസ്ഥാനങ്ങളും പ്രക്രിയയിൽ തൃപ്തി രേഖപ്പെടുത്തി. പുതുവർഷസമ്മാനമായി വാക്സിൻ വരുമെന്ന സൂചനകളും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നു.
മൂന്ന് വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകാമോ എന്ന് പരിശോധിക്കുന്ന വിദഗ്ധസമിതി നാളെ യോഗം ചേരാനിരിക്കുകയാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് വിദഗ്ധസമിതിക്ക് മുന്നിലുള്ളത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിർമിച്ച കൊവിഷീൽഡിനാണ് ഇതിൽ അനുമതി കിട്ടാൻ സാധ്യത കൂടുതൽ കൽപിക്കപ്പെടുന്നത്.
വാക്സിൻ ടെസ്റ്റിംഗിന്‍റെ ഫലങ്ങൾ അടങ്ങിയ കൃത്യമായ ഡാറ്റ ഫൈസർ ഇതുവരെ കൈമാറിയിട്ടില്ല. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയാക്കിയിട്ടുമില്ല.