900 കിലോഗ്രാം ലഹരി മരുന്ന് എത്തിച്ചതിൽ 700 കിലോയോളം മാത്രമേ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.
ദില്ലി: ദില്ലിയിൽ നടന്ന ലഹരിവേട്ടയിൽ കൂടുതൽ കണ്ണികളെ തേടി പൊലീസ്. 900 കിലോ ലഹരി വസ്തുക്കളാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചതെന്നാണ് കണ്ടെത്തൽ. ഇതിൽ 770 കിലോ മാത്രമാണ് പിടികൂടിയത്. ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്
ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദില്ലിക്ക് കൊക്കെയിൻ അടക്കം ലഹരിവസ്തുക്കൾ എത്തിച്ചത്. മരുന്ന് എന്ന പേരിലാണ് ഇവ രാജ്യത്തേക്ക് കടത്തിയത്. കമ്പനിയിലെ ജീവനക്കാരി പൊലീസിന് നൽകിയ വിവരം അനുസരിച്ച് അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദില്ലിയിലെ വിവിധയിടങ്ങളിലും ഹാപുർ ഗാസിയബാദ് തുടങ്ങിയ ഇടങ്ങളിലും മരുന്ന് ശേഖരിച്ച് വെക്കാൻ എന്ന പേരിൽ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തു. ഇവിടങ്ങളിൽ നടന്ന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പൊലീസ് കണ്ടെത്തിയത്.
900 കിലോയിൽ ഇനി 130 കിലോ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുയാണ് പൊലീസ്. ദുബായിലുള്ള വീരേന്ദ്ര ബസോയിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിച്ചത്. വിവിധസ്ഥലങ്ങളിൽ ഇവ എത്തിക്കാൻ മൂന്ന് കോടി രൂപയാണ് കമ്മീഷനായി ഇടനിലക്കാരായവർക്ക് നൽകിയത്. കേസിലെ മറ്റൊരു പ്രതി തുഷാർ ഗോയലിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഇയാളുടെ സ്ഥാപനങ്ങളിലും പൊലീസും ഇഡിയും പരിശോധന നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും അന്വേഷണം നടക്കുന്നതായാണ് സൂചന. ഉന്നത ഇടപെടൽ ലഹരിക്കടത്തിലുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. കേസിൽ ഇ.ഡി ഇന്നലെയാണ് അന്വേഷണം തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം