മൂന്നാം ഊഴം; ദേശീയ സുരക്ഷാ ഉപദേഷ്ഠാവായി അജിത് ഡോവല്‍ തുടരും; രാജ് നാഥ് സിങുമായി കൂടിക്കാഴ്ച 

By Web Team  |  First Published Jun 13, 2024, 7:04 PM IST

ആദ്യ മോദി മന്ത്രി സഭ മുതല്‍ പ്രതിരോധ മേഖലയിലടക്കം അജിത് ദോവലിന്‍റെ നിര്‍ണ്ണായക സ്വാധീനമുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെയും നിലനിര്‍ത്തിയിട്ടുണ്ട്.


ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും, പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും നിലനിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷ ഉപദേഷ്ടാവിന്‍റെ പദവിയില്‍ അജിത് ഡോവലിന് ഇത് മൂന്നാം ഊഴമാണ്. ആദ്യ മോദി മന്ത്രി സഭ മുതല്‍ പ്രതിരോധ മേഖലയിലടക്കം അജിത് ദോവലിന്‍റെ നിര്‍ണ്ണായക സ്വാധീനമുണ്ട്. കഴിഞ്ഞ മന്ത്രി സഭ മുതല്‍ പി കെ മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. പികെ മിശ്രയെയും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്തിയിട്ടുണ്ട്. തുടർച്ചയായ മൂന്നാംതവണയും ദേശീയ സുരക്ഷാ ഉപദേഷ്ടായി നിയമിക്കപ്പെട്ടതിന് പിന്നാലെ അജിത് ഡോവല്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ അമിത് ഖരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായും നിയമിച്ചിട്ടുണ്ട്.

ഇതിനിടെ, ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.  മൂന്ന് ദിവസത്തിനിടെ  തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ്  അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു.  ഇതിനിടെ ചൈനയും  പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.

Latest Videos

undefined

മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തിയ മോദി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും  സംസാരിച്ചു. നിലവിലെ സേനാ വിന്യാസത്തെ കുറിച്ചും എന്തൊക്കെ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

 ഭീകരാക്രമണം നേരിടാൻ മുഴുവൻ സംവിധാനങ്ങളും വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ഈ മാസം അവസാനം മുതല്‍ ഓഗസ്റ്റ് 19 വരെ അമർനാഥ് യാത്ര നടക്കുന്നതിനാല്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതാണ് സാഹചര്യം. ഇതിന് പിന്നാലെ ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്.  
സൈനിക സജ്ജീകരണങ്ങള്‍ക്ക് പുറമെ ഭരണകൂട തലത്തില്‍ ഭീകരരെ തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. 

മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ‌ക്കിടെയാണ്  ജമ്മുകശ്മീരിലെ റിയാസിയില്‍ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം നടക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്.  അതേസമയം. ചൈനയും  പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതില്‍ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ജമ്മുകശ്മീരിനെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയത് അനാവശ്യ പരാമർശമാണ്. .ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മറ്റ് ഒരു രാജ്യവും അതേ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ ചൈന സന്ദ‌ർശനത്തിലൊടുവില്‍ ജൂണ്‍ 7ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജമ്മുകശ്മീർ വിഷയവും പരാമർശിക്കപ്പെട്ടത്. 


കുവൈത്ത് ദുരന്തം; മരിച്ച 49 ഇന്ത്യക്കാരിൽ 46 പേരെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം: നോർക്ക

 

click me!