രണ്ട് വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും ഒരു മാറ്റവുമില്ല. ഞങ്ങളെ തിരിച്ചറിഞ്ഞ ചിലർ ഓടി വന്നു. പഴയ ഓർമകൾ പുതുക്കി.ജീവിത സാഹചര്യങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും അവർക്കില്ല. പക്ഷെ പഴയ ആവശ്യങ്ങളൊന്നും ആവർത്തിച്ചില്ല. ഒരേ ഒരു കാര്യം മാത്രം പറഞ്ഞു.കുടിക്കാൻ അൽപം നല്ല വെള്ളം കിട്ടണം.
അഹമ്മദാബാദ്: ഓർമയില്ലേ രണ്ട് വർഷം മുൻപ് അമേരിക്കൻ പ്രസിഡന്‍റ് അഹമ്മദാബാദിലെത്തിയത്. നമസ്തേ ട്രംപ് എന്നായിരുന്നു പരിപാടിയുടെ പേര്. അമേരിക്കൻ പ്രസിഡന്‍റിന് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയത്തിൽ ഗംഭീര സ്വീകരണം. അമേരിക്കയിൽ ഹൗഡി മോദി എന്ന പേരിൽ നരേന്ദ്രമോദിക്ക് നൽകിയ സ്വീകരണത്തിന് പ്രത്യുപകാരം പോലൊരു പരിപാടി. വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദിലെ ഗംഭീര റോഡിലൂടെ ആദ്യം വമ്പൻ റോഡ് ഷോ.
ഇരുവശത്തും നൂറ് കണക്കിന് കാലകാരൻമാരുടെ പരിപാടികൾ. പക്ഷെ വഴിയിലെ കാഴ്ചകളെല്ലാം അത്ര നല്ലത് ആയിരുന്നില്ല. റോഡരികിലെ ചേരി പ്രദേശം ട്രംപ് കാണരുത്. സർണ്യാ വ്യാസ് കോളനിക്ക് മുന്നിൽ ഏഴ് അടിപൊക്കത്തിൽ കോർപ്പറേഷൻ ഒരു മതിൽ പണിതു. അത് വിവാദമായി. റോഡ് കയ്യേറ്റം തടയാനായി നിർമ്മിച്ചതാണ് മതിലെന്നായി കോർപ്പറേഷൻ വാദം. ചേരിപ്രദേശങ്ങളിലുള്ളവർക്ക് മെച്ചപ്പെട്ട പാർപ്പിടം ചിലർ വാഗ്ദാനം ചെയ്തു. അതെല്ലാം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ കിടപ്പുണ്ട്. പക്ഷെ രണ്ട് വർഷങ്ങൾക്കിപ്പുറം എന്ത് മാറ്റം വന്നു ആ മനുഷ്യരുടെ ജീവിതങ്ങൾക്ക്?
undefined
"കുടിവെള്ളമെങ്കിലും തന്നാൽ മതി മറ്റൊന്നും വേണ്ട"
മതിൽ നല്ല അസ്സലായി പണിതിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ ബിജെപിയുടെ ചുവരെഴുത്ത് ഗേറ്റിനോട് ചേർന്ന് കാണാം. നല്ല പോലെ വെള്ളപൂശി ചിഹ്നം വരച്ച് വച്ചിട്ടുണ്ട്. അരക്കിലോമീറ്റർ നീളമുണ്ട് മതിലിന്. ഇനിയുമേറെ പാർട്ടികൾക്ക് വാഗ്ദാനങ്ങളും ചിഹ്നങ്ങളുമെല്ലാം രേഖപ്പെടുത്താൻ ഇടവുമുണ്ട്. പക്ഷെ ഞങ്ങൾ അകത്തേക്ക് നടന്നു. പുഷ്പ സിനിമയിലെ അല്ലു അർജുന്‍റെ ചിത്രമുള്ള ഷർട്ട് ധരിച്ച ഒരു യുവാവ് എല്ലാം വിശദീകരിച്ച് മുന്നിലുണ്ട്. ഇടുങ്ങിയ വഴികൾ. പൊട്ടിപ്പൊളിഞ്ഞ ചെറിയ കുടിലുകൾ. പാവപ്പെട്ട മനുഷ്യർ. രണ്ട് വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും ഒരു മാറ്റവുമില്ല. ഞങ്ങളെ തിരിച്ചറിഞ്ഞ ചിലർ ഓടി വന്നു. പഴയ ഓർമകൾ പുതുക്കി.ജീവിത സാഹചര്യങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും അവർക്കില്ല. പക്ഷെ പഴയ ആവശ്യങ്ങളൊന്നും ആവർത്തിച്ചില്ല. ഒരേ ഒരു കാര്യം മാത്രം പറഞ്ഞു.കുടിക്കാൻ അൽപം നല്ല വെള്ളം കിട്ടണം.
ഒരാൾ വെള്ളം നിറച്ച കുപ്പി എനിക്ക് നേരെ നീട്ടി. ഒന്ന് മണത്ത് നോക്കി. പറഞ്ഞത് ശരിയാണ്. ഓടയിലേതിന് സമാനമായ ഗന്ധം. ഈ വെള്ളം എങ്ങനെ കുടിക്കും? സംസാരത്തിലേക്ക് സ്ത്രീകളും ചേർന്നു. അതിലൊരാൾ ഇങ്ങനെ തുടങ്ങി. "ദിവസം രണ്ട് നേരം പൈപ്പിൽ വെള്ളം വരും. ഈ കലങ്ങിയ വെള്ളം അരമണിക്കൂർ തെളിയാനായി വെക്കണം. ശേഷം അരിച്ചെടുക്കും. എന്നിട്ട് നന്നായി തിളപ്പിക്കണം. പക്ഷെ വെള്ളമിങ്ങനെ തിളപ്പിക്കാൻ ഗ്യാസും വിറകുമെല്ലാം എത്ര വേണം? അതെവിടെ നിന്നാണ്? ". വെള്ളം കുടിച്ച് അസുഖങ്ങൾ വന്നവരും അനുഭവം പങ്കുവച്ചു. അടിസ്ഥാനപരമായ ഈ പ്രശ്നം അല്ലാതെ മറ്റൊന്നും അവർക്ക് വേണ്ടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ നേതാക്കളാരും വന്ന് നോക്കാറില്ലെന്നും അവർ ആരോപിക്കുന്നു. ഡിസംബറിൽ സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് വരും. മതിലിൽ പോസ്റ്ററുകളും ചുവരെഴുത്തുകളും നിറയും. വോട്ട് ചോദിച്ച് സ്ഥാനാർഥികൾ അകത്തേക്ക് വരും. അത്രമാത്രം. ഇനിയും വരാമെന്ന് പറഞ്ഞ് ഞങ്ങൾ പുറത്തേക്ക് നടന്നു.