ഇന്ത്യക്കാരെ സ്റ്റുഡന്‍റ് വിസയിലെത്തിച്ച് അതിർത്തി കടത്തൽ; റാക്കറ്റിൽ കാനഡയിലെ 260 കോളജുകൾ, കണ്ടെത്തലുമായി ഇഡി

By Web Team  |  First Published Dec 26, 2024, 5:59 PM IST

മൂന്ന് വർഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേർ യുഎസ്-കാനഡ അതിർത്തിയിൽ കൊടും തണുപ്പിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തൽ


ദില്ലി: കാനഡയിലെ 260 കോളജുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തൽ. സ്റ്റുഡന്‍റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയിൽ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിർത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വർഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേർ യുഎസ്-കാനഡ അതിർത്തിയിൽ കൊടും തണുപ്പിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തൽ. 

2022 ജനുവരി 19 ന് ഗുജറാത്ത് സ്വദേശിയായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (35), മകൾ (11), മകൻ (3) എന്നിവരാണ് മാനിറ്റോബയിലെ യുഎസ് - കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ മരിച്ചത്. യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മരണം. -37 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മഞ്ഞുവീഴ്ചയ്‌ക്കിടെ മനുഷ്യക്കടത്തുകാർ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Latest Videos

undefined

തുടർന്ന് ഏജന്‍റുമാർക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ 260 കോളേജുകൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചത്. സ്റ്റുഡന്‍റ് വിസ കിട്ടാനും കാനഡയിൽ എത്താനുമായി ഏകദേശം 50-60 ലക്ഷം രൂപയാണ് ഏജന്‍റുമാർ വാങ്ങുന്നത്. എന്നിട്ട് ഈ വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് അനധികൃതമായി എത്തിക്കാൻ കനേഡിയൻ കോളേജുകൾ എത്ര പണം കൈപ്പറ്റി എന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. 

ഇന്ത്യക്കാരെ നിയമവിരുദ്ധമായി യുഎസിലേക്ക് അയക്കുന്നതിനായി ഏജന്‍റുമാർ കാനഡയിലെ കോളേജുകളിലോ സർവകലാശാലകളിലോ പ്രവേശനം തരപ്പെടുത്തുന്നു. എന്നിട്ട് അവരെ യുഎസ്-കാനഡ അതിർത്തി കടത്തിവിടുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുംബൈ, നാഗ്പൂർ, ഗാന്ധിനഗർ, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി അതിർത്തി കടത്തുന്ന ഏജന്‍റുമാരെ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. 

മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്‍റുമാർ പ്രതിവർഷം 35,000 പേരെ അനധികൃതമായി വിദേശത്തേക്ക് അയക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഗുജറാത്തിൽ മാത്രം 1,700-ഓളം ഏജന്‍റുമാരും ഇന്ത്യയിലുടനീളമുള്ള 3,500-ഓളം പേരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചില ഏജന്‍റുമാർ വിദേശത്തുള്ള സർവകലാശാലകളുമായും കോളേജുകളുമായും കമ്മീഷൻ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും കണ്ടെത്തി. പരിശോധനയിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 19 ലക്ഷം രൂപയും രേഖകളും കണ്ടെത്തി. 

രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ദാരുണ സംഭവം, ഭാര്യ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!