'രാഷ്ട്രീയം എനിക്ക് ഹോബിയല്ല'; തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്

By Web Team  |  First Published Feb 2, 2024, 2:05 PM IST

ജനുവരി 26 ന് തന്റെ വീട്ടിൽ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു


ദില്ലി: തമിഴ്‌നാട്ടിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇളയ ദളപതി വിജയ്, തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഹോബിയല്ലെന്നും പറഞ്ഞു. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. പാർട്ടിയുടെ ആദ്യ യോഗം ശനിയാഴ്ച നടക്കും. ശനിയാഴ്ച ജില്ലാ സെക്രട്ടറിമാരുമായി വിജയ് കൂടിക്കാഴ്ച നടത്തും. 49-ആം വയസ്സിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.

ജനുവരി 26 ന് തന്റെ വീട്ടിൽ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ തന്നെ വിജയ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ വച്ചാണ് സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ദില്ലിയിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കിയത്.

Latest Videos

കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേര്‍ന്ന വിജയ് മക്കൾ ഇയക്കത്തിന്റെ യോഗത്തിൽ താരം മൂന്ന് മണിക്കൂറിലേറെ പങ്കെടുത്തിരുന്നു. യോഗത്തിൽ ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിലെ പ്രമുഖര്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രവര്‍ത്തനമെന്ന് വിജയ് നിര്‍ദ്ദേശിക്കുകയായിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ തമിഴ്നാട്ടിലെ പൗരപ്രമുഖരുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!