ഒന്‍പത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ, ആത്മഹത്യയെന്ന് സംശയം

By Web Team  |  First Published May 22, 2020, 3:26 PM IST

ഇവരുടെ കുടുംബത്തിൽ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നതായും അത് മൂലമുണ്ടായ ഭയമാണ് മരണത്തിന് കാരണമെന്നുമുള്ള അഭ്യൂഹങ്ങളുമുയരുന്നുണ്ട്


തെലങ്കാന: തെലങ്കാനയില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. 

തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെത്തുടര്‍ന്ന് നേരത്തെ കമ്പനിയുടമയടക്കം തിരച്ചിൽ നടത്തിയിരുന്നു. തുടര്‍ന്നാണ് സമീപത്തെ കിണറ്റിൽ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിണറ്റിൽ നടത്തിയ തിരച്ചിലിലാണ് ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ജോലിയില്ലെങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും താൻ നേരിട്ടാണ് ഭക്ഷമെത്തിച്ചതെന്നുമാണ് കമ്പനിയുടമ നല്‍കുന്ന വിവരം. അതേസമയം ഇവരുടെ കുടുംബത്തിൽ ഒരാള്‍ക്ക് കൊവിഡുണ്ടായിരുന്നതായും അത് മൂലമുണ്ടായ ഭയമാണ് മരണത്തിന് കാരണമെന്നുമുള്ള അഭ്യൂഹങ്ങളുമുയരുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

Latest Videos

 

click me!