8 വർഷത്തെ പ്രണയം; ഗോത്രങ്ങൾ അകന്നപ്പോള്‍ കൊല്ലാനെത്തിയത് അയൽവാസിയും, ഭർത്താവിനെയും മക്കളെയും കാത്ത് ചിംഡോയ്

By Dhanesh Ravindran  |  First Published Aug 2, 2023, 2:37 PM IST

പ്രശ്നമുണ്ടായ ദിവസം ഒരു കൂട്ടം ആളുകൾ വീട്ടിൽ എത്തി. അവൾ കുക്കിയാണ്, അവളെ കൊല്ലണം എന്നാവശ്യപ്പെട്ട് അവർ വീടിനു സമീപത്ത് എത്തി. പേടിച്ച് പോയ ഭർത്താവിന്‍റെ അമ്മ ആക്രമിക്കരുതെന്ന്‌ പറഞ്ഞ് കരഞ്ഞു-  ചിംഡോയ് പറയുന്നു.


ഇംഫാൽ : കലാപകലുഷിതമായ മണിപ്പൂരിൽ വംശവെറി സൃഷ്ടിച്ച നിസ്സഹായതയുടെ ആൾരൂപങ്ങളായി മാറിയിരിക്കുകയാണ് സ്ത്രീകള്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണവും ക്രൂര കൊലപാതകങ്ങളും വേദന നിറയ്ക്കുമ്പോള്‍ നിരവധി കുടുംബങ്ങളാണ് ഇനി ഒരുമിക്കാനാവാത്ത വിധം തകർന്നത്. ആക്രമണം ഭയന്ന് നാട് വിട്ടവരും, അഭയം തേടിയവരും നിരവധിയാണ്. മണിപ്പൂരിൽ വെറുപ്പ് കൊണ്ട് രണ്ട് ഗോത്രങ്ങൾ തമ്മിൽ അകന്നപ്പോൾ സ്നേഹം കൊണ്ട് ഒന്നിച്ചവരും വേർപിരിക്കപ്പെട്ടിരിക്കുകയാണ്. കുക്കി വിഭാഗക്കാരിയായ ചിംഡോയ് തന്‍റെ മെതെയ് വിഭാഗക്കാരനായ ഭർത്താവിനെയും രണ്ട് മക്കളെയും കണ്ടിട്ട് മൂന്ന് മാസമായി.

ഇംഫാലിലുള്ള തന്‍റെ മക്കളെ ഇനി എന്ന് കാണാനാകുമെന്ന് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഈ അമ്മയ്ക്ക് അറിയില്ല.  പ്രശ്നമുണ്ടായ ദിവസം ഒരു കൂട്ടം ആളുകൾ വീട്ടിൽ എത്തി. അവൾ കുക്കിയാണ്, അവളെ കൊല്ലണം എന്നാവശ്യപ്പെട്ട് അവർ വീടിനു സമീപത്ത് എത്തി. പേടിച്ച് പോയ ഭർത്താവിന്‍റെ അമ്മ ആക്രമിക്കരുതെന്ന്‌ പറഞ്ഞ് കരഞ്ഞു-  ചിംഡോയ് പറയുന്നു. ഒടുവിൽ ഭർത്താവ് വീടിന്‍റെ ജനൽ പൊളിച്ച് കൂട്ടുകാരന്‍റെ സഹായത്തോടെയാണ് തന്നെ സൈന്യത്തിന്‍റെ അടുത്ത് എത്തിച്ചത്. അവിടെ നിന്നാണ് ഈ ക്യാമ്പിൽ എത്തിയത് - ചിംഡോയ് പേടിപ്പെടുത്തുന്ന ആ ദിനം ഓർമിച്ചെടുത്തു.
 
ക്യാംകോപ്പിയിലെ ക്യാമ്പിൽ കലാപബാധിതർക്ക് ഒപ്പം  നിരാശ നിറഞ്ഞ മുഖത്തോടെയാണ് ചിം ഡോയിയെ കാണാനാവുക. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു മെ തെയ് വിഭാഗക്കാരനായ യുവാവുമൊത്ത്  ചിം ഡോയിയുടെ വിവാഹം.  കഴിഞ്ഞ പത്തു വർഷമായി ഇംഫലിൽ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെയായിരുന്നു ജീവിതം. ഇതിനിടെ രണ്ട് കുട്ടികളുടെ അമ്മയായി. എന്നാൽ ഗോത്രങ്ങള്‍ തമ്മിലുണ്ടായ വെറുപ്പും വൈര്യവും എല്ലാം തകിടം മറിച്ചു. മെയ് മൂന്ന് മുതൽ തുടങ്ങിയ സംഘർഷം ഒടുവിൽ ചിം ഡോയുടെ ജീവതവും തകർത്തു.

Latest Videos

undefined

കുക്കിയായ തന്നെ കൊല്ലണമെന്ന് ആക്രോശിച്ച് എത്തിയവരെ ഓർക്കുമ്പോള്‍ ചിം ഡോയിത്ത് ഇപ്പോഴും ഭയം നിറയും.   വീട്ടിലേക്ക്  ഇരച്ച് എത്തിയ സംഘത്തിൽ ഇത്രയും നാളും അടുപ്പത്തോടെ കഴിഞ്ഞിരുന്ന അയൽക്കാരും ഉണ്ടായിരുന്നു. ഭർത്താവിന്‍റെ അമ്മ കരഞ്ഞു പറഞ്ഞിട്ടും ആക്രമി സംഘം കൊലവിളികളോടെ വീടിന് പുറത്ത്  തുടർന്നു. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലായതോടെ ഭർത്താവ് സുഹൃത്തിന്‍റെ സഹായത്തോടെ ചിംഡോയിയെ വീടിന് പുറകിലെ ജനലയിലൂടെ പുറത്ത് എത്തിച്ചു. പിന്നാലെ അടുത്തുള്ള അസം റൈഫൾ സിന് ക്യാമ്പിലേക്ക് എത്തിച്ചു. തന്നെ നോക്കി കരയുന്ന മക്കളെ ദൂര കണ്ട് ആണ് വീട് വീട്ടത്.

കഴിഞ്ഞ മൂന്നു മാസമായി ക്യാംകോപ്പിയിലെ ക്യാമ്പിൽ ദിവസങ്ങൾ എണ്ണി കഴിയുകയാണ് ചിംഡോയ്. ഇംഫാലിലേക്ക് ഇനി തിരിച്ചു പോകാനാകില്ല. മക്കൾ എന്തു ചെയ്യുന്നുവെന്ന് പോലും അറിയാതെ ജീവിതം തള്ളി നീക്കുന്നു. ഭർത്താവിനെയും മക്കളെയും ഇനി കാണാനാകുമെന്ന പ്രതീക്ഷ ചിംഡോ്ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇത്രയും ദുരിതം അനുഭവിക്കാൻ എന്താണ് താൻ ചെയ്ത തെറ്റെന്നും ഈ കലാപം കൊണ്ട് ആര് എന്ത് നേടിയെന്നുമാണ് ഈ അമ്മ ചോദിക്കുന്നത്. 

Read More : വാടക വീട്ടിൽ യുവതിയുടെ ആത്മഹത്യ, ആൺ സുഹൃത്തിന്‍റെ പെരുമാറ്റത്തിൽ നാട്ടുകാർക്ക് സംശയം, പിന്നാലെ അറസ്റ്റ്...

 

click me!