
ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിൽ ജഗൻ മോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇ ഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്‍റ്സിന്‍റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. 2011-ൽ സി ബി ഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിന് ശേഷം ഇ ഡി നടപടി.
ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ജഗന്‍റെ ഉടമസ്ഥതയിലുള്ള ഭാരതി സിമന്‍റ്സ്, രഘുറാം സിമന്‍റ്സ് എന്നീ കമ്പനികളിൽ ഡാൽമിയ സിമന്‍റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പകരമായി ജഗൻ വഴി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ഖനനാനുമതി ഡാൽമിയ സിമന്‍റ്സിന് കിട്ടിയെന്നാണ് സി ബി ഐയും ഇഡിയും കണ്ടെത്തിയത്.
2010-ൽ ജഗൻ മോഹൻ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാൽമിയ എന്നിവർ ചേർന്ന് രഘുറാം സിമന്‍റ്സിന്‍റെ ഓഹരികൾ പാർഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റു. ഇതിൽ നിന്ന് 135 കോടി രൂപ ലഭിച്ചു. ഇതിൽ 55 കോടി ജഗൻ മോഹൻ റെഡ്ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയത് എന്നും മൊത്തം ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ഇതിന്‍റെ ഭാഗമായാണ് 14 വർഷത്തിന് ശേഷം ഇപ്പോൾ ഓഹരികളും ഭൂമിയും പിടിച്ചെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam