വാക്സീന്‍ ക്ഷാമം മറികടക്കാനൊരുങ്ങി ഇന്ത്യ; തദ്ദേശിയമായി നിർമ്മിക്കുന്നതടക്കം 7 പുതിയ വാക്സീനുകൾ കൂടി ഉടൻ

By Web Team  |  First Published Jun 27, 2021, 8:01 AM IST

ഏഴില്‍ അഞ്ച് വാക്സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്സീന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം. മൂന്നാം തരംഗം തുടങ്ങുമെന്ന് സെപ്റ്റംബറില്‍ ദിവസം ഒരു കോടി പേർക്ക് വാക്സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി.


ബെംഗളൂരു: വാക്സീന്‍ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും. ആറ് വാക്സീനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര കുമാർ അറോറ പറ‍ഞ്ഞു. അമേരിക്കന്‍ വാക്സിനായ ഫൈസറും ഇന്ത്യയില്‍ വിതരണം തുടങ്ങാനായുള്ള അവസാനവട്ട ചർച്ചകളിലാണെന്നു അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ മാസം ആദ്യം വിതരണത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീനുകൾ ഇവയൊക്കെയാണ്.

  • അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിർമിക്കുന്ന സൈകോവ് ഡി. നടപടികൾ പൂർത്തിയായാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ നിർമിക്കുന്ന ലോകത്തെ ആദ്യ വാക്സീനാകും സൈകോവ് ഡി. കുട്ടികൾക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീന്‍ കൂടിയാണിത്.
  • ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിർമിക്കുന്ന കോർബേവാക്സ്. പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്സീനായ കോർബേവാക്സിന്‍റെ 30 കോടി ഡോസിന് നേരത്തെതന്നെ കേന്ദ്രസർക്കാർ ഓർഡർ നല്‍കിയിരുന്നു.
  • പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാർമ നിർമിക്കുന്ന HGC019 ആർഎന്‍എ വാക്സീന്‍.
  • ഭാരത് ബയോടെക് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് നിർമിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്സീന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിൾ ഡോസ് വാക്സീനായ ഇത് ഒരു ബില്യൺ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്.
  • അമേരിക്കന്‍ കമ്പനിയായ നൊവാവാക്സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രാജ്യത്ത് നിർമിക്കുന്ന നൊവാവാക്സ്. 20 കോടി ഡോസ് നൊവാവാക്സീനാണ് ഉല്‍പാദിപ്പിക്കുക.
  • അമേരിക്കന്‍ കമ്പനിയായ ജോൺസൺ ആന്‍ഡ് ജോൺസണിന്‍റെ വാക്സീന്‍. വൈറല്‍ വെക്ടർ വാക്സീനായ ഇത് ഒറ്റഡോസ് എടുത്താല്‍ മതിയാകും.
  • ഇതുകൂടാതെയാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിനും രാജ്യത്ത് വാക്സീന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിനായി അവസാനവട്ട നടപടികൾ പുരോഗമിക്കുന്നത്. ഈ വാക്സീനുകളില്‍ മിക്കതും പരിശോധനയില്‍ മികച്ച കാര്യക്ഷമത തെളിയിച്ചതുകൂടിയാണ്.

Latest Videos

undefined

ഏഴില്‍ അഞ്ച് വാക്സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്സീന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം. മൂന്നാം തരംഗം തുടങ്ങുമെന്ന് സെപ്റ്റംബറില്‍ ദിവസം ഒരു കോടി പേർക്ക് വാക്സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!