ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇവര്‍ ചെന്നൈയിൽ എത്തിയത്.
ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 5,200 ചെഞ്ചെവിയൻ ആമക്കുഞ്ഞുങ്ങളെ കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആമകളെ ഏറ്റെടുക്കാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന രണ്ട് പേരെയും കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും കൂടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ ഇന്‍റലിജൻസ് യൂണിറ്റ് (എഐയു) കസ്റ്റംസ് രമേഷ് ആകാശ്, തമീം അൻസാരി മുഹമ്മദ് റഫീഖ് എന്നിവരെയാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇവര്‍ ചെന്നൈയിൽ എത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന നാല് ബാഗുകളിലായാണ് ആമകളെ ഒളിപ്പിച്ചിരുന്നത്. ബോക്സുകളിൽ വായുസഞ്ചാരത്തിനായി ചെറിയ ദ്വാരങ്ങൾ ഉണ്ടായിരുന്നു. രഹസ്യ വിവരം ലഭിച്ചിരുന്നതിനാല്‍ ഒന്നും സംഭവിക്കാത്ത പോലെ കസ്റ്റംസ് ഇരുവരെയും പോകാൻ അനുവദിച്ചു. തുടര്‍ന്ന് ബാഗുകൾ ഏറ്റെടുക്കാനെത്തിയ രണ്ട് പേരെയും കൂടെ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി ഇവ ചെഞ്ചെവിയൻ ആമക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിച്ചു. 5,200 ആമകൾക്കും ജീവനുണ്ടായിരുന്നു. ഭക്ഷണം നൽകിയ ശേഷം ചൊവ്വാഴ്ച മറ്റൊരു ഇൻഡിഗോ വിമാനത്തിൽ ഇവയെ മലേഷ്യയിലേക്ക് തിരിച്ചയച്ചു. ഇവര്‍ സ്ഥിരം വിമാനയാത്രക്കാരല്ലെന്നും വന്യജീവി ചരക്ക് കൊണ്ടുവരാൻ മലേഷ്യയിലേക്ക് അയച്ചവരാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നും ചെഞ്ചെവിയൻ ആമക്കുഞ്ഞുങ്ങളെ കടത്താനുള്ള അഞ്ചാമത്തെ ശ്രമമാണ് ഈ വർഷം കസ്റ്റംസ് തടയുന്നത്.
ശ്രദ്ധയ്ക്ക്...; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ ഈ മരുന്നുകൾ നിരോധിച്ചു