കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ഇന്നോവ കാര്‍, അകത്ത് നിറയെ സ്വര്‍ണ ബിസ്കറ്റ്, തീര്‍ന്നില്ല 10 കോടിയുടെ നോട്ടുകെട്ടും

By Web Team  |  First Published Dec 20, 2024, 9:44 PM IST

വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്.


ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്തു. വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ നിന്നാണ് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തത്.

വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തിയത്. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. നൂറിലധികം പൊലീസുകാരും 30ലധികം പൊലീസ് വാഹനങ്ങളിലെത്തിയാണ് കള്ളക്കടത്ത് തടയാൻ പരിശോധന നടത്തിയത്. പിടിക്കപ്പെടുമെന്ന അവസ്ഥയിൽ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം. രണ്ട് ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചത്. കവറിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. 

Latest Videos

undefined

ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  ശര്‍മ്മയടക്കമുള്ള ബിൽഡര്‍മാര്‍ക്കെതിരെ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള  ശർമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ഒരു കോടിയിലധികം പണവും അരക്കിലോ സ്വർണവും വജ്രവും വെള്ളിയും സ്വത്ത് രേഖകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഭോപ്പാലിൽ മാരത്തോൺ സെർച്ച് ഓപ്പറേഷനുകളാണ് നടക്കുന്നത്. പ്രമുഖ ബിൽഡർമാരെ ലക്ഷ്യമിട്ടാണ് പരിശോധനകൾ തുടരുന്നത്.

മൂന്ന് കാറിൽ നിറയെ ആളുകളെത്തി ജ്വല്ലറിയിൽ 'ഇ.ഡി റെയ്ഡ്'; എല്ലാവരും കള്ളന്മാരെന്നറിഞ്ഞത് എല്ലാം കഴിഞ്ഞു മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!