
ബെംഗളുരു: ലോകത്തിലെ ഏറ്റവും വില കൂടിയ നായയായ കാഡബോംബ് ഒകാമിയെ 50 കോടിക്ക് സ്വന്തമാക്കി എന്ന ഇൻസ്റ്റ ഡോഗ് ഇൻഫ്ലുവൻസർ സതീഷ് കഡബമിന്‍റെ വാദം പച്ചക്കള്ളം. ലണ്ടനിൽ നിന്ന് 50 കോടിയുടെ പട്ടിയെ വാങ്ങിയെന്നാണ് സതീഷ് ഇൻസ്റ്റഗ്രാമിലൂടെ അവകാശപ്പെട്ടത്. ഇതിന് പിന്നാലെ ബെംഗളുരുവിലെ സതീഷ് കഡബമിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി മിന്നൽ റെയ്ഡ് നടത്തി. ജെപി നഗറിലെ സതീഷിന്‍റെ വീട്ടിൽ പരിശോധന നടത്തിയ ഇ ഡിക്ക് പട്ടിയെ കണ്ടെത്താനായില്ല. പട്ടി കിടന്നിടത്ത് പൂട പോലുമില്ലാത്ത അവസ്ഥയായിരുന്നു സതീഷിന്‍റെ വീട്ടിലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സതീഷിന്‍റെ വാദം പച്ചക്കള്ളമെന്നും ഇ ഡി വിവരിച്ചു.
പട്ടിയെ വാങ്ങിയെന്നതിന് രേഖകളുമില്ല. ഇംപോർട്ട് പെർമിറ്റോ വിദേശനാണ്യ വിനിമയത്തിനോ രേഖകളില്ലെന്നും ഇ ഡി കണ്ടെത്തി. സോഷ്യൽ മീഡിയയിൽ താരമാകാൻ നുണ പറഞ്ഞതെന്ന് സതീഷ് സമ്മതിച്ചെന്നും ഇ ഡി വ്യക്തമാക്കി. വിദേശവിനിമയച്ചട്ടലംഘനത്തിനാണ് ഇ ഡി സതീഷിന്‍റെ വീട് റെയ്ഡ് ചെയ്തത്. വിദേശ വിനിമയ മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലോ ലംഘനമോ കണ്ടെത്തുന്നതിനായാണ് വ്യാഴാഴ്ച അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് ഇ ഡി സംഘം വിവരിച്ചു. ഇതോടെ ഇൻസ്റ്റ ഡോഗ് ഇൻഫ്ലുവൻസർ സതീഷ് കുരുക്കിലായിട്ടുണ്ട്.
ന്യൂയോർക്ക് പോസ്റ്റ് പ്രകാരം ഈ നായക്ക് 5.7 മില്യൺ ഡോളറിലേറെ വിലവരും. ചെന്നായയുടെയും കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും സങ്കരയിനമാണ് ഈ നായ. ലോകത്തിലെ ഏറ്റവും വിലയേറിയ നായയായാണ് ഇതിനെ കണക്കാക്കുന്നത്. അമേരിക്കയിലാണ് കാഡബോംസ് ഒകാമി ജനിച്ചത്. വെറും എട്ട് മാസം പ്രായമുള്ളപ്പോൾ തന്നെ ഇതിന് 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. ദിവസവും 3 കിലോ മാംസം കഴിക്കും. പ്രധാനമായും കന്നുകാലികളെ വേട്ടക്കാരിൽ നിന്നും സംരക്ഷിക്കുന്ന സംരക്ഷണ നായ്ക്കൾ ആണ് കൊക്കേഷ്യൻ ഷെപ്പേർഡ് നായ്ക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam