19 ഡോക്ടര്‍മാരും 38 നഴ്സുമാരുമടക്കം എയിംസിൽ 480 കൊവിഡ് ബാധിതർ

By Web Team  |  First Published Jun 4, 2020, 3:55 PM IST

74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 


ദില്ലി: ദില്ലി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകരിൽ  കൊവിഡ് ബാധ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങളുടെ റിപ്പോർട്ട്. ഇവരിൽ 19 ഡോക്ടർമാരും 38 നഴ്സുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഡോക്ടേഴ്സിൽ രണ്ട് പേര് ഫാക്കൽറ്റി അം​ഗങ്ങളാണ്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 14 ലാബ് ടെക്നീഷൻ എന്നിവരിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആരോ​ഗ്യപ്രവർത്തകരിൽ മൂന്നുപേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. ഇവരിൽ ശുചീകരണ തൊഴിലാളികളിലെ മുതിർന്ന ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. വൈറസ് ബാധിച്ച് മെസ് ജീവനക്കാരനും മരിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിലെ അനാസ്ഥയാണ് രോ​ഗബാധ ​ഗുരുതരമാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. 

തൊഴിൽരം​ഗത്ത് സുരക്ഷ ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഴ്സസ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവാരമില്ലാത്ത പിപിഇ കിറ്റുകളാണ് നൽകുന്നതെന്നാണ് ഇവരുടെ പരാതി. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ഉദ്യോ​ഗസ്ഥരെ എല്ലാം ക്വാറന്റൈനിലാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ള പ്രദേശങ്ങളിൽ മൂന്നാം സ്ഥാനത്താണ് ദില്ലി. 

Latest Videos

നിലവിൽ 23000 ത്തിലധികം കൊവിഡ് കേസുകളാണ് ദില്ലിയിലുള്ളത്. കഴിഞ്ഞ ഏഴുദിവസങ്ങളിൽ പ്രതിദിനം 1200 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കണ്ടൈൻമെന്റ് ഏരിയകൾ ഓരോ ദിവസവും വിശാലമാകുന്ന സാഹചര്യമാണുള്ളത്. 120 ലധികം കണ്ടൈൻമെന്റ് സോണുകളാണ് ഇപ്പോൾ ദില്ലിയിലുള്ളത്.  

click me!